പ്രത്യേകതരം മുറുക്കാന്‍ ചെല്ലവുമായി സെറ്റിലെത്തുന്ന കൈലാസ്; ഓര്‍മകളുടെ ചെപ്പ് തുറക്കുമ്പോള്‍

കൊച്ചി: മുറുക്കിച്ചുവപ്പിച്ചൊരു ചിരിയായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് കൈലാസ് നാഥ് എന്ന നടന്‍. നാലുംകൂട്ടി മുറുക്കിയിരുന്നതുകൊണ്ട് അദ്ദേഹം പഴയ മദിരാശി ജീവിതത്തിലേക്കു പോകും. അത് കേട്ടിരിക്കാന്‍ അഭിനയത്തിലെ ഏറ്റവും പുതിയ തലമുറയിലുള്ളവര്‍ വരെ ചുറ്റും കൂടും.
പ്രത്യേകതരം മുറുക്കാന്‍ചെല്ലവുമായി സെറ്റിലെത്തിയിരുന്ന കൈലാസ് അതിനൊപ്പം ഓര്‍മകളുടെ ചെപ്പുകൂടി തുറന്നുെവക്കും. ഏതു വിഷയത്തെക്കുറിച്ചും അറിവുണ്ടായിരുന്നു അദ്ദേഹത്തിനെന്ന് സീരിയലുകളില്‍ വര്‍ഷങ്ങളോളം ഒപ്പം പ്രവര്‍ത്തിച്ച നടി സീമ ജി. നായര്‍ ഓര്‍ക്കുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ സരസമായി അവതരിപ്പിക്കുകയായിരുന്നു പതിവ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളും ഒരുപാട്. കൈലാസിന്റെ മുറുക്കാന്‍നിറമുള്ള ഓര്‍മകളാണ് സീരിയല്‍സെറ്റുകളിലെ വിശ്രമവേളകള്‍ പലപ്പോഴും സജീവമാക്കിയത്.
സീരിയല്‍ നടനായി മാത്രമാണ് കൈലാസിനെ പലരും കണ്ടിരുന്നത്. അതിനപ്പുറം മലയാള സിനിമ മദിരാശിയില്‍ തമ്പടിച്ചിരുന്ന കാലത്തെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥ പറയാനുണ്ടായിരുന്നു അദ്ദേഹത്തിന്. നാലു പതിറ്റാണ്ടു മുന്‍പ് അഭിനേതാവായി അരങ്ങേറിയ കൈലാസ് നാഥ് തമിഴില്‍ ഒരുകാലത്ത് തിരക്കുള്ള നടനായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ അഭിനയം പഠിപ്പിക്കാന്‍ പോയതിന്റെ ഓര്‍മകളൊക്കെ അദ്ദേഹം പങ്കുവെച്ചിരുന്നതായി സീമ പറയുന്നു.
പ്രസിദ്ധ തമിഴ് സംവിധായകനും നടന്‍ ചിമ്പുവിന്റെ പിതാവുമായ ടി. രാജേന്ദറിന്റെ സൗഹൃദവലയത്തിലെ പ്രധാന കണ്ണികളിലൊരാളുമായിരുന്നു ഒരുകാലത്ത് കൈലാസ്. സംവിധാനത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ പ്രിയ ശിഷ്യരിലൊരാളുമായി.
നടനെന്ന നിലയില്‍ മലയാളത്തിനും തമിഴിനും പുറമേ കന്നഡയിലും സാന്നിധ്യമറിയിക്കാന്‍ കൈലാസിനായി. പക്ഷേ, പ്രേക്ഷകര്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് ജനപ്രിയ സീരിയലുകളിലെ വേഷങ്ങളിലൂടെയാണ്. സീരിയലില്‍ തിരക്കേറിയതോടെ സിനിമയില്‍നിന്ന് ഇടവേളയെടുക്കുകയായിരുന്നു കൈലാസ് നാഥ്.
രണ്ടുവര്‍ഷം മുന്‍പ് അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞ ശേഷം അദ്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീട് ചികിത്സയുടെ സൗകര്യത്തിനായി തൃപ്പൂണിത്തുറയിലെ മകളുടെ വസതിയിലായിരുന്നു താമസം. ഒന്നര മാസം മുന്‍പാണ് വീണ്ടും അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലായത്.
Content Highlights: Kailasnath actor, Filmography, kizhakkan pathrose, malayalam television,