9/11 ആക്രമണം: സങ്കൽപ്പിക്കാനാവാത്ത ദുരന്തത്താൽ വിറങ്ങലിച്ച ഒരു നഗരത്തിന് സാക്ഷ്യംവഹിച്ചു -കബീർ ഖാൻ

സെപ്റ്റംബർ 11 ആക്രമണത്തിന്റെ 25-ാം വാർഷികത്തിൽ ന്യൂയോർക്ക് നഗരവുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചും ദുരന്തത്തേക്കുറിച്ചും ഓർത്തെടുത്ത് ചലച്ചിത്ര സംവിധായകൻ കബീർ ഖാൻ. ഈ ദുരന്തത്തിന്റെ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ന്യൂയോർക്ക് നഗരത്തിൽ താൻ എടുത്ത ചിത്രങ്ങളുടെ ഒരു പരമ്പര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അവിശ്വസനീയമായ ഈ സംഭവത്തിൽ നഗരം ഉലഞ്ഞുപോയതിന് താൻ നേരിട്ട് സാക്ഷിയായെന്ന് അദ്ദേഹം വ്യക്തമാക്കി.
2001 സെപ്റ്റംബർ 11-ന് ഭീകരാക്രമണം നടക്കുമ്പോൾ കബീർ ഖാൻ അമേരിക്കയിലുണ്ടായിരുന്നു. ന്യൂയോർക്ക് നഗരം തന്റെ സിനിമാ യാത്രയുടെ പ്രധാന ഭാഗമാണെന്നും ആ ഭീകരാക്രമണം നഗരത്തെ പൂർണ്ണമായി തളർത്തിക്കളഞ്ഞുവെന്നും അദ്ദേഹം കുറിച്ചു. ദുരന്തത്തിന് ശേഷം നഗരം അതിന്റെ വീര്യവും ആത്മവീര്യവും വീണ്ടെടുക്കുന്നതിനും താൻ സാക്ഷ്യം വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എന്റെ ചലച്ചിത്ര യാത്രയുടെ ഒരു ഭാഗമാണ് വളരെക്കാലമായി ന്യൂയോർക്ക്. 9/11 നടന്ന സമയത്ത് ഞാൻ യുഎസിലുണ്ടായിരുന്നു. സങ്കൽപ്പിക്കാനാവാത്ത ദുരന്തത്താൽ വിറങ്ങലിച്ചുപോയ ഒരു നഗരത്തിന് ഞാൻ സാക്ഷ്യം വഹിച്ചു." അദ്ദേഹം എഴുതി. തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ന്യൂയോർക്ക് എന്ന സിനിമ ചിത്രീകരിക്കാനായി ഏഴ് വർഷത്തിന് ശേഷം താൻ ഈ നഗരത്തിലേക്ക് മടങ്ങിയെത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. 9/11 ആക്രമണത്തിന്റെ അനന്തരഫലങ്ങളാണ് ചിത്രം കൈകാര്യം ചെയ്തത്.
“ഏഴ് വർഷത്തിന് ശേഷം, എന്റെ രണ്ടാമത്തെ ചിത്രമായ 'ന്യൂയോർക്ക്' ഷൂട്ട് ചെയ്യാൻ ഞാൻ മടങ്ങിയെത്തി. ആ ദിവസത്തിന്റെ അനന്തരഫലങ്ങളാൽ രൂപപ്പെട്ട ആ സിനിമ, നഗരം അതിന്റെ ആത്മാവ് തിരിച്ചുപിടിക്കുന്നത് കണ്ടു. ഇത്തവണ, ഞാൻ എന്റെ പുതിയ ലെയ്ക SL3P ക്യാമറയുമായി വീണ്ടും ആ തെരുവുകളിലൂടെ നടന്നു, ഒരിക്കൽ രംഗങ്ങൾ ചിത്രീകരിച്ച കോണുകൾ സന്ദർശിച്ചു. നഗരം ഇപ്പോഴും വിശ്രമമില്ലാത്തതും പ്രതിരോധശേഷിയുള്ളതും പ്രൗഢിയോടെ ജീവനുള്ളതുമായി തുടരുന്നു,” സംവിധായകൻ കൂട്ടിച്ചേർത്തു.
9/11 ഭീകരാക്രമണം
2001 സെപ്റ്റംബർ 11-നാണ് അൽ ഖ്വയ്ദ ഭീകരസംഘടനയിലെ 19 അംഗങ്ങൾ ചേർന്ന് ആക്രമണം നടത്തിയത്. അമേരിക്കൻ ആഭ്യന്തര വിമാന സർവീസുകളിലെ യാത്രാവിമാനങ്ങൾ ആകാശത്തുവെച്ച് റാഞ്ചിയ ഭീകരർ പ്രാദേശിക സമയം രാവിലെ 8.46-നാണ് ആദ്യ ആക്രമണം നടത്തിയത്. ഭീകരർ തട്ടിയെടുത്ത 'അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11' വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് (North Tower) ഇടിച്ചുകയറ്റി.
ആദ്യ ആക്രമണം നടന്ന് മിനിറ്റുകൾക്കകം, 'യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175' എന്ന രണ്ടാമത്തെ വിമാനം തെക്കേ ഗോപുരത്തിൽ (South Tower) ഇടിച്ചുകയറ്റി. ഇതിന്റെ തുടർച്ചയായി മൂന്നാമത്തെ വിമാനമായ 'അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77' വാഷിങ്ടൺ ഡി.സിയിലുള്ള അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചുകയറ്റി. വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയാണ് നാലാമത്തെ വിമാനമായ 'യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93' കുതിച്ചതെങ്കിലും ഇതിലെ യാത്രക്കാർ ഭീകരരുമായി ചെറുത്തുനിന്നതോടെ വിമാനം പെൻസിൽവാനിയയിലെ വിജനമായൊരു വയലിൽ തകർന്നുവീണു.
2,977 മനുഷ്യ ജീവനുകളാണ് ദുരന്തത്തിൽ പൊലിഞ്ഞത്. ഹൈജാക്ക് ചെയ്ത 19 പേരെ കൂടാതെയാണിത്. ഇരട്ട ടവറുകളിലുണ്ടായ ആക്രമണത്തിൽ 2,606 പേർ സംഭവസ്ഥലത്തുവെച്ചോ പിന്നീട് പരിക്കുകൾ മൂലമോ മരണമടഞ്ഞു. പെന്റഗണിലുണ്ടായ ആക്രമണത്തിൽ 125 പേർ കൊല്ലപ്പെട്ടു. തട്ടിയെടുത്ത നാല് വിമാനങ്ങളിലുമുണ്ടായിരുന്ന 246 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
Content Highlights: Marking the 25th anniversary of the September 11 terror attacks, filmmaker Kabir Khan shared photographs and reflected on witnessing the tragedy in the US, which later inspired his acclaimed 2009 film New York.