ദുഃഖിതരായ ദമ്പതികളായി കഴിയുന്നതിനേക്കാൾ നല്ലത് സന്തോഷമുള്ള മാതാപിതാക്കളായി വേർപിരിയുന്നതാണ് -ജുനൈദ്

#മൂവി ഡെസ്ക്
ജുനൈദ് ഖാൻ, റീന ദത്തയും ആമിർ ഖാനും | ഫോട്ടോ: ANI, AFP
ജുനൈദ് ഖാൻ, റീന ദത്തയും ആമിർ ഖാനും | ഫോട്ടോ: ANI, AFP

ന്റെ മാതാപിതാക്കളായ ആമിർ ഖാന്റെയും റീന ദത്തയുടെയും വിവാഹമോചനത്തെക്കുറിച്ചും അവർ എങ്ങനെയാണ് അതിനെ പക്വതയോടെ കൈകാര്യം ചെയ്തതെന്നും വെളിപ്പെടുത്തി നടൻ ജുനൈദ് ഖാൻ. 2002-ൽ അവർ വേർപിരിഞ്ഞപ്പോൾ തനിക്കും സഹോദരങ്ങൾക്കും അത് വലിയ ആഘാതമാകാത്ത രീതിയിലാണ് മാതാപിതാക്കൾ പെരുമാറിയതെന്ന് അദ്ദേഹം ഓർക്കുന്നു.

രണ്ട് നല്ല വ്യക്തികൾ എപ്പോഴും ഒരുമിച്ച് നല്ലവരായിരിക്കണമെന്ന് നിർബന്ധമില്ലെന്നും, ദുഃഖിതരായ ദമ്പതികളായി കഴിയുന്നതിനേക്കാൾ സന്തോഷവാന്മാരായ മാതാപിതാക്കളായി വേർപിരിഞ്ഞു കഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ തനിക്ക് ഏഴോ എട്ടോ വയസ്സായിരുന്നെന്ന് ജുനൈദ് പറഞ്ഞു.

വളർന്നുവരുന്ന പ്രായത്തിൽ അവർ തമ്മിലുള്ള തർക്കങ്ങൾ കുട്ടികൾക്ക് മുന്നിൽ പ്രകടമായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ മാതാപിതാക്കൾക്ക് വിയോജിപ്പുകൾ ഉണ്ടാകാമെന്ന് 19 വയസ്സുള്ളപ്പോഴാണ് ആദ്യമായി മനസ്സിലാക്കിയതെന്ന് ജുനൈദ് പറഞ്ഞു. മക്കളുടെ കാര്യത്തിൽ അവർ എപ്പോഴും ഒരേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇന്നും പല കാര്യങ്ങളിലും അവർ ഒത്തൊരുമിച്ചാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിരൺ റാവു വളരെ ഊഷ്മളമായ സ്വഭാവമുള്ള വ്യക്തിയാണെന്നും അവർക്കിടയിൽ യാതൊരുവിധ ആശങ്കകളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആമിർ ഖാന്റെ ഇപ്പോഴത്തെ പങ്കാളിയായ ഗൗരി സ്പ്രാറ്റിനെക്കുറിച്ചും ജുനൈദ് നല്ല വാക്കുകളാണ് പങ്കുവെച്ചത്. മുതിർന്നവർ എല്ലാവരും വളരെ പക്വതയോടെ പെരുമാറിയത് കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി മാറ്റിയെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗൗരിയെ അവരുടെ പേരാണ് വിളിക്കുന്നത്. കുറേ കാലം കിരൺ റാവുവിനെ കിരൺ ആന്റിയെന്നാണ് വിളിച്ചിരുന്നത്. ഒരിക്കൽ അവർ തന്നോട് അവരുടെ പേരുവിളിക്കാൻ ആവശ്യപ്പെട്ടെന്നും ജുനൈദ് കൂട്ടിച്ചേർത്തു.

Content Highlights: Actor Junaid Khan opened up about his parents Aamir Khan and Reena Dutta's 2002 divorce, praising their maturity in shielding the children from conflicts and maintaining a healthy family dynamic alongside Kiran Rao and Gauri Spratt.