വീണ്ടും ഞെട്ടിക്കാന്‍ രാജ് ബി. ഷെട്ടി; ഗുരുദത്ത ഗനിഗ ചിത്രം 'ജുഗാരി ക്രോസ്' ടീസര്‍ പുറത്ത്

ടീസറില്‍നിന്ന്‌ | Photo: YouTube/ Hyphen Pictures
ടീസറില്‍നിന്ന്‌ | Photo: YouTube/ Hyphen Pictures

ഗുരുദത്ത ഗനിഗ ഒരുക്കുന്ന 'ജുഗാരി ക്രോസി'ല്‍ നായകനായി രാജ് ബി. ഷെട്ടി. പ്രശസ്ത എഴുത്തുകാരന്‍ പൂര്‍ണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ 'ജുഗാരി ക്രോസ്' അടിസ്ഥാമാക്കി അതേപേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തില്‍ ആരാണ് നായകനായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികള്‍. ടീസറിലൂടെയാണ് ചിത്രത്തിലെ നായകനായി രാജ് ബി. ഷെട്ടി എത്തുമെന്ന വിവരം പുറത്തുവിട്ടത്. ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ ഗുരുദത്ത ഗനിഗയാണ് ചിത്രം നിര്‍മിക്കുന്നത്.

രാജ് ബി. ഷെട്ടിയും ഗുരുദത്ത ഗനിഗയും ഒന്നിച്ച ആദ്യ ചിത്രമായ 'കരാവലി'യുടെ റിലീസിനുമുമ്പുതന്നെ കൂട്ടുകെട്ടിലെ അടുത്ത ചിത്രമായ 'ജുഗാരി ക്രോസ്' ആരംഭിച്ചിരിക്കുകയാണ്. ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്‌നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ശ്രദ്ധേയമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ടീസര്‍ വലിയ ആകാംഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗംഭീര പശ്ചാത്തല സംഗീതവും സിനിമയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയും ആവേശവും ഇരട്ടിയാക്കുന്നു.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകള്‍ കൊണ്ട് ഏറെ ശ്രദ്ധനേടുന്ന രാജ് ബി. ഷെട്ടി, 'സു ഫ്രം സോ'യിലെ ഗുരുജിയായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും കരാവലിയിലെ കാളകള്‍ക്കൊപ്പമുള്ള അഭിനയത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ജുഗാരി ക്രോസിന്റെ ശക്തമായ ലോകത്തേക്ക് ചുവടുവെക്കുന്ന അദ്ദേഹം കരിയറിലെ ഒരു സുപ്രധാന നീക്കമാണ് ഇതിലൂടെ നടത്തുന്നത്.

'കരാവലി'യുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായതിനാല്‍ അതിന്റെ പോസ്റ്റ് പ്രൊഡക്ഷനും 'ജുഗാരി ക്രോസി'നൊപ്പം മുന്നോട്ടു കൊണ്ട് പോവുകയാണ് സംവിധായകന്‍ ഗുരുദത്ത. 'കരാവലി'യില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ അഭിമന്യു സദാനന്ദന്‍ ആണ് 'ജുഗാരി ക്രോസി'ന് ക്യാമറ ചലിപ്പിക്കുന്നത്. സച്ചിന്‍ ബസ്രൂറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പിആര്‍ഒ: ശബരി.

Content Highlights: Teaser for `Jugari Cross`, directed by Gurudatha Ganiga and starring Raj B Shetty, is out. Based on Poornachandra Tejaswi`s novel, the film promises suspense and action