‘ഭ്രാന്തൻ ആരാധകർ’; ജൂനിയർ എൻടിആറിനെ കാണാൻ ആശുപത്രിയിലേക്ക് തള്ളിക്കയറി, എസ്‌കലേറ്റർവരെ തകർത്തു

ബെംഗളൂരു: പലപ്പോഴും സിനിമാ താരങ്ങളുടെ ആരാധകർ കുഴപ്പങ്ങളുണ്ടാക്കാറുണ്ട്. താരത്തെ കാണാനെത്തുന്ന വലിയ ജനക്കൂട്ടമാണ് പ്രശ്‌നങ്ങൾക്ക് കാരണമാകാറുള്ളത്. അത്തരത്തിൽ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറിന്റെ ആരാധകക്കൂട്ടം കഴിഞ്ഞ ദിവസം വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജൂനിയർ എൻടിആർ.
നടനെ കാണാനായി വലിയ ജനക്കൂട്ടമാണ് ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയത്. ജൂനിയർ എൻടിആർ എത്തിയതോടെ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ആരാധകർ വലിയ പരിഭ്രാന്തിയുണ്ടാക്കി. എസ്‌കലേറ്റർ വരെ തകരാറിലാക്കുകയും ചെയ്തു. ഒരു ആരാധകൻ എസ്‌കലേറ്ററിലേക്ക് വീഴുകയും മറ്റൊരാളുടെ സഹായത്തോടെ എഴുന്നേറ്റതിനാൽമാത്രം തിരക്കിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. എൻടിആറിന് സുരക്ഷ ഒരുക്കാൻ താരത്തിന്റെ സുരക്ഷാസംഘം ഏറെ പണിപ്പെടുകയും ചെയ്തു. ഒടുവിൽ പോലീസെത്തി ലാത്തി വീശിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഒട്ടേറെപ്പേർ ഇതിനെ വിമർശിച്ച് പ്രതികരിക്കുകയും ചെയ്തു. 'ലോകത്തിലെ ഏറ്റവും മോശം ആരാധകക്കൂട്ടം' എന്നാണ് ഒരാൾ കുറിച്ചത്. മാനസികനില തെറ്റിയ ആരാധകരാണോ ഇത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഒരു ആശുപത്രിക്കുള്ളിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ചിലർ കുറിച്ചു. ഈ ആരാധകർ ഭ്രാന്തൻമാരാണോ എന്നും കമന്റുകളിൽ കാണാം.
Content Highlights: Jr NTR attended KIMS Hospital inauguration in Bengaluru, Massive crowd led to a stampede-like situation and property damage,