എന്നെ ചെയർമാനാക്കാത്തതിൽ ചില പാർട്ടി അടിമകൾ വിഷമത്തിലാണ്, പ്രതികരണവുമായി ജോയ് മാത്യു

#മൂവി ഡെസ്ക്
ജോയ് മാത്യു | ഫോട്ടോ: മധുരാജ്\ മാതൃഭൂമി
ജോയ് മാത്യു | ഫോട്ടോ: മധുരാജ്\ മാതൃഭൂമി

കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. രവീന്ദ്രനും ടീമിനും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ജോയ് മാത്യുവിനേയും പരിഗണിക്കുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

"ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്ലവ പാർട്ടി അടിമകൾ -വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ."-ജോയ് മാത്യു എഴുതി.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞദിവസമാണ് രവീന്ദ്രനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കാൻ തീരുമാനമായത്. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളുടെ സംഘാടകനായും ക്യുറേറ്ററായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഈ തീരുമാനത്തിൽ നിർണായകമായത്. ഐ.ഡി.എസ്.എഫ്.എഫ്.കെ പോലുള്ള പ്രധാന ചലച്ചിത്രമേളകൾ നടക്കുമ്പോൾ അക്കാദമിക്ക് നാഥനില്ലെന്ന വിമർശനത്തിനും ഇതോടെ പരിഹാരമാകും.

പ്രിയങ്കാ നായർ അക്കാദമിയുടെ വൈസ് ചെയർമാനാകും. ജനറൽ കൗൺസിലിൽ ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ.ടി.ചാക്കോ, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണുണ്ടാകുക.

Content Highlights: Actor-director Joy Mathew congratulated veteran actor Ravindran on being appointed as the new Chairman of the Kerala State Chalachitra Academy, while taking a witty jibe at social media trolls following rumors of his own candidacy.