'ഒടിഞ്ഞ കാലുമായി അദ്ദേഹം ആ സംഘട്ടനരംഗം പൂർത്തിയാക്കി'; ജോജു ജോർജിന് പിറന്നാളാശംസകൾ നേർന്ന് രവി കെ. ചന്ദ്രൻ

1. ഛായാ​ഗ്രാഹകൻ രവി കെ. ചന്ദ്രൻ 2. രവി കെ. ചന്ദ്രന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി | ഫോട്ടോ: www.instagram.com/dop007/
1. ഛായാ​ഗ്രാഹകൻ രവി കെ. ചന്ദ്രൻ 2. രവി കെ. ചന്ദ്രന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി | ഫോട്ടോ: www.instagram.com/dop007/

നടൻ ജോജു ജോർജിന് പിറന്നാൾ ആശംസകളുമായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രൻ. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ സെറ്റിൽ കമല്‍ഹാസനൊപ്പം ജോജു നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് രവി കെ. ചന്ദ്രൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആശംസകൾ കുറിച്ചത്. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു രവി കെ. ചന്ദ്രൻ

കാലൊടിഞ്ഞിട്ടും അപകടകരമായ ഒരു സംഘട്ടനരംഗം ജോജു പൂർത്തിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ അർപ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ട് രവി കെ. ചന്ദ്രൻ കുറിച്ചത്. കമൽഹാസനെക്കുറിച്ചും ചെറുകുറിപ്പിൽ പരാമർശമുണ്ട്. ‘‘സിനിമയോടുള്ള ആത്മാർഥമായ സമർപ്പണവും സ്നേഹവുമുള്ള രണ്ട് വലിയ വ്യക്തികൾ. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്‌ഷൻ രംഗമാണ് ജോജു പൂർത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകൾ."

‘തഗ് ലൈഫ്’ എന്ന സിനിമയിൽ കമൽഹാസൻ, ചിമ്പു എന്നിവർക്കൊപ്പം ജോജു ജോർജും പ്രധാന വേഷത്തിലുണ്ടായിരുന്നു. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ ജോജു, നിലവിൽ തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും സജീവമാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ, ഉർവശി നായികയാവുന്ന ആശ എന്നീ ചിത്രങ്ങളാണ് ജോജുവിന്റേതായി വരാനിരിക്കുന്ന ചിത്രം. വലതുവശത്തെ കള്ളനിൽ ബിജു മേനോനും പ്രധാനവേഷത്തിലുണ്ട്.

Content Highlights: Cinematographer & Director Ravi K. Chandran wishes Joju George a happy birthday, praising his dedication on the sets of `Thug Life` despite an injury.