നീ കത്തനാർ ഇറക്കുന്നോ, ഞാൻ കത്തി ഇറക്കണോയെന്ന് ജയസൂര്യ, എത്രയും വേഗമുണ്ടാകുമെന്ന് റോജിൻ തോമസ്

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോജിൻ തോമസ് സംവിധാനംചെയ്ത് ജയസൂര്യ നായകനായ കത്തനാർ. ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ജയസൂര്യക്ക് പിറന്നാളാശംസ നേർന്നുകൊണ്ട് റോജിൻ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്. കത്തനാർ റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്ന് റോജിൻ പറഞ്ഞു. റോജിനെക്കുറിച്ച് ജയസൂര്യയും രസകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ.. ? എന്നാണ് റോജിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ജയസൂര്യ പോസ്റ്റ് ചെയ്തത്. എപ്പോ പറയാൻ പറ്റൂന്ന്...ഇപ്പൊ പറയാൻ പറ്റൂല്ല, എത്രയും വേഗം എന്നാണ് ഈ പോസ്റ്റിന് റോജിൻ കമന്റിട്ടത്.
മറ്റൊരു പോസ്റ്റിലാണ് ജയസൂര്യക്ക് റോജിൻ തോമസ് ജന്മദിനാശംസകൾ നേർന്നത്. "നന്ദി ജയേട്ടാ... ഇത്രയും വർഷങ്ങളായി 'കത്തനാർ' എന്ന ഈ അത്ഭുതകരമായ യാത്രയിൽ ഞങ്ങളോടൊപ്പം സഞ്ചരിച്ചതിനും, ഇതിനായി നിങ്ങളുടെ ഹൃദയവും ആത്മാവും നൽകിയതിനും. ജന്മദിനാശംസകൾ! ഈ വർഷം ഒരു സംഭവമായിരിക്കും. കത്തനാറിന്റെ അപ്ഡേറ്റും റിലീസ് തീയതിയും ചോദിച്ചുകൊണ്ടിരിക്കുന്ന എല്ലാവരോടും കാത്തിരുന്നതിനും വിശ്വസിച്ചതിനും ഞങ്ങളോടൊപ്പം ഉറച്ചുനിന്നതിനും നന്ദി പറയുന്നു. ഈ സിനിമയ്ക്ക് വലിയൊരളവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആവശ്യമുണ്ട്, അതിനാൽ ഇത് അർഹിക്കുന്ന സമയവും പ്രയത്നവും ഞങ്ങൾ ഇതിനായി നൽകുന്നുണ്ട്.
കാത്തിരിപ്പ് നീണ്ടുപോയെന്ന് ഞങ്ങൾക്ക് അറിയാം. വരാനിരിക്കുന്നത് ആ കാത്തിരിപ്പിന് അർത്ഥമുണ്ടാക്കുന്നതായിരിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു." റോജിൻ കുറിച്ചു.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കത്തനാർ നിർമിക്കുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ. രാമാനന്ദ്, റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.15 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
Content Highlights: Director Rojin Thomas wished lead actor Jayasurya on his birthday while confirming that the post-production work for their 15-language magnum opus Kathanar is in its final stages and the official release date will be announced soon.