ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത തരത്തിൽ അസ്വസ്ഥയായിരുന്നു അന്ന്, കരച്ചിൽ നിർത്താനായില്ല -ജയ ബച്ചൻ

#മൂവി ഡെസ്ക്
ജയ ബച്ചൻ | ഫോട്ടോ: PTI
ജയ ബച്ചൻ | ഫോട്ടോ: PTI

ജീവിതത്തിലെ ഏറ്റവും വൈകാരികമായി വെല്ലുവിളി നിറഞ്ഞ സമയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജയ ബച്ചൻ. മകൾ ശ്വേതാ ബച്ചന്റെ വിവാഹമായിരുന്നു അതെന്ന് അവർ പറഞ്ഞു. ആ ദിവസം താൻ മുമ്പൊരിക്കലും അനുഭവിക്കാത്ത തരത്തിൽ അസ്വസ്ഥയായിരുന്നു എന്ന് അവർ വെളിപ്പെടുത്തി. ജീവിതത്തിലെ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ താൻ കഷ്ടപ്പെട്ടെന്നും കൂട്ടിച്ചേർത്തു.

മുംബൈയിൽ നടന്ന 'വി ദ വിമൻ ഏഷ്യ' സെഷനിൽ സംസാരിക്കവേയാണ് ജയ ബച്ചൻ ഇക്കാര്യം പറഞ്ഞത്. "ശ്വേത വിവാഹിതയായതിന് ശേഷം എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. ഞാൻ എൻ്റെ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത തരത്തിൽ അസ്വസ്ഥയായിരുന്നു, അവൾ വിവാഹിതയായപ്പോൾ. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എനിക്ക് കരയുന്നത് നിർത്താൻ കഴിഞ്ഞില്ല." ജയ ബച്ചൻ പറഞ്ഞു.

ശ്വേതയോട് ഏറ്റവും കർക്കശക്കാരിയായ അമ്മ താനായിരുന്നു എന്നും, എന്നിട്ടും എന്തോ ഒന്ന് തന്നെ വിട്ടുപോയെന്നും ജയ ബച്ചൻ കൂട്ടിച്ചേർത്തു. ഒരുപക്ഷേ താൻ പെൺകുട്ടികളുള്ള കുടുംബത്തിൽ നിന്നായതുകൊണ്ടാവാം. ശ്വേത ജനിച്ചപ്പോൾ തൻ്റെ അച്ഛൻ ആഘോഷിക്കുകയായിരുന്നു, അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. എന്നാൽ അഭിഷേക് ബച്ചൻ ജനിച്ചപ്പോൾ അദ്ദേഹം സാരമില്ല എന്നുമാത്രമാണ് പറഞ്ഞതെന്നും ജയ ബച്ചൻ ഓർമിച്ചു.

രൺവീർ സിംഗും ആലിയ ഭട്ടും പ്രധാന വേഷങ്ങളിൽ എത്തിയ 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലാണ് ജയ ബച്ചൻ അവസാനമായി അഭിനയിച്ചത്. കരൺ ജോഹർ സംവിധാനം ചെയ്ത ഈ ചിത്രം 2023-ലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Content Highlights: Jaya Bachchan Opens Up on Deep Emotional Struggle Following Daughter Shweta's Marriage