ബുക്ക് ചെയ്തവർക്കെല്ലാം പണം മടക്കിക്കൊടുക്കുന്നു, 'ജനനായക'ന് നഷ്ടം 50 കോടിയോളം

#മൂവി ഡെസ്ക്
ജനനായകൻ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: X
ജനനായകൻ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: X

ചെന്നൈ: ടിവികെ നേതാവ് വിജയ് നായകനായ ജനനായകൻ സിനിമയുടെ റിലീസ് നീളുന്നത് കാരണം 50 കോടി രൂപയോളം നഷ്ടംവരുമെന്ന് വിതരണക്കാർ പറയുന്നു. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനുപിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയക്കളികളാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

വിജയ് അഭിനയിക്കുന്ന അവസാന സിനിമയാകുമെന്നു കരുതപ്പെടുന്ന ‘ജനനായകൻ’ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വെള്ളിയാഴ്ച രാവിലെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് തിയേറ്ററുകളിൽ റിസർവേഷനും പ്രചാരണ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. റിലീസ് നീളുന്ന സാഹചര്യത്തിൽ ടിക്കറ്റിന്റെ പണം തിരികെക്കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്.

ഈയിനത്തിൽ 50 കോടിയോളം രൂപ നഷ്ടം വരുമെന്നാണ് നിർമാതാക്കളുടെ കണക്ക്. 500 കോടി രൂപയാണ് സിനിമയുടെ മൊത്തം ചെലവ്.

സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്ന വിഷയത്തെപ്പറ്റി ടിവികെയോ വിജയ്‌യോ പ്രതികരിച്ചിട്ടില്ല. എന്നാൽ, തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ടിവികെയുമായി സഖ്യമുണ്ടാക്കുന്ന കാര്യം കോൺഗ്രസിന്റെ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്.

രാഷ്ട്രീയലക്ഷ്യംവെച്ചുള്ള അധികാര ദുർവിനിയോഗത്തിന്റെ ഉത്തമോദാഹരണമാണ് ജനനായകനെതിരായ സെൻസർ ബോർഡ് നടപടിയെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. സെൻസർ ബോർഡിനെ ഉപയോഗിച്ച് സിനിമാ ലോകത്തെ വരുതിക്കുനിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. നൂറുകണക്കിനാളുകളുടെ അധ്വാനവും കോടിക്കണക്കിന് രൂപയും മുടക്കി നിർമിച്ച സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തുന്നത് സർഗസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് എംപി ജോതി മണി പറഞ്ഞു. ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുക വഴി കേന്ദ്രസർക്കാർ തമിഴ് സംസ്കാരത്തെയാണ് അവഹേളിക്കുന്നതെന്ന് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി പറഞ്ഞു.

സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാ സമിതിക്കു വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചതോടയൊണ് റിലീസ് വൈകിയത്. ഇതിനെ ചോദ്യംചെയ്ത് സിനിമയുടെ നർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും.

ഭോഗിപ്പൊങ്കൽ ദിവസമായ ജനുവരി 14-ന് സിനിമ റിലീസ് ചെയ്യാനാണ് വിതരണക്കാർ ഇപ്പോൾ ആലോചിക്കുന്നത്

Content Highlights: 'Jana nayagan' Release Delay: Distributors Cite ₹50 Crore Loss Amidst Political Controversy