കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് 'ജനനായകൻ'

പ്രതിസന്ധികൾ കടന്ന് തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം 'ജനനായകന്' ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 80 കോടി രൂപയിലേറെയാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപ ആദ്യദിനം ചിത്രം കളക്ട് ചെയ്തു.
കേരളത്തിലെ തിയേറ്ററുകളിൽ രാവിലെ ആറുമണിക്ക് ആരംഭിച്ച ആദ്യ ഷോ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ പൂർണ്ണമായും ഹൗസ്ഫുളായിരുന്നു. പ്രവൃത്തിദിനമായിട്ടും ജോലിക്ക് അവധി നൽകി തിയേറ്ററുകളിലേക്ക് ആരാധകർ ഒഴുകിയെത്തിയതോടെ 'ജനനായകൻ' റിലീസ് വലിയൊരു ആഘോഷമായി മാറി.
തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ചിത്രം എന്ന പ്രത്യേകതയും റിലീസിനുണ്ടായിരുന്നു. ടൈറ്റിൽ കാർഡ് തെളിഞ്ഞതു മുതൽ ഒടുവിലത്തെ ഫ്രെയിം വരെ വൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തെ സ്വീകരിച്ചത്. പ്രിയതാരത്തിന്റെ അവസാന ചിത്രമെന്ന വിഷമവും അദ്ദേഹത്തിന്റെ പ്രകടനം കാണാനായതിന്റെ സന്തോഷവും ഇടകലർന്ന വൈകാരിക നിമിഷങ്ങൾക്കാണ് തിയേറ്ററുകൾ സാക്ഷ്യം വഹിച്ചത്. രണ്ടാം ദിനത്തിലും തിയേറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അനൽ അരശ് (ആക്ഷൻ), വി. സെൽവകുമാർ (ആർട്ട്), ശേഖർ, സുധൻ (കൊറിയോഗ്രഫി), അറിവ് (ഗാനരചന), പല്ലവി സിങ് (കോസ്റ്റ്യൂം), ഗോപി പ്രസന്ന (പബ്ലിസിറ്റി ഡിസൈൻ), നാഗരാജ (മേക്കപ്പ്), വീര ശങ്കർ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്.
Content Highlights: Vijay's latest movie Jananayagan, directed by H. Vinoth, made a massive box office debut by collecting over ₹80 crore globally on its opening day. In Kerala, the movie recorded a stellar opening day collection of ₹5.8 crore, with housefull shows ranging from early morning screenings to late-night shows