‘ജനനായകൻ’ ചോർച്ച: 21 പേർക്കെതിരേ കേസ്; അടുത്തമാസം തിയേറ്ററുകളിൽ എത്തിക്കാൻ നീക്കം

ചെന്നൈ: വിജയ് നായകനായ ’ജനനായകൻ’ ചോർന്ന സംഭവത്തിൽ ചിത്രത്തിന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 21 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് നൽകിയ പരാതിയിൽ സൈബർ ക്രൈം പോലീസ് അന്വേഷണം തുടരുന്നുണ്ട്.
സിനിമ ചോർന്നത് ബോക്സോഫീസ് വിജയത്തെ ബാധിക്കുമെന്ന് നിർമാതാക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചോർന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നും കുറ്റവാളികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഒട്ടേറെ താരങ്ങൾ പൈറസിക്കെതിരേ കർശനനിലപാടുമായി രംഗത്തെത്തി. സിനിമ ചോർന്നതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമകൾ സുരക്ഷിതമായ കീ ഡെലിവറി മെസേജ് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും പാസ്വേഡ് ഇല്ലാതെ ഇത് ആർക്കും കാണാനാവില്ലെന്നും അവർ വ്യക്തമാക്കി.
അടുത്തമാസം തിയേറ്ററുകളിൽ എത്തിയേക്കും
ചെന്നൈ: സെൻസർ കുരുക്കിൽ അകപ്പെടുകയും ഇപ്പോൾ ഇന്റർനെറ്റിൽ ചോരുകയും ചെയ്ത വിജയ് ചിത്രം ‘ജനനായകൻ’ മേയ് മാസത്തിൽ തിയേറ്റിൽ എത്തിക്കാൻ നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ നീക്കം. 500 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച് ദുരന്തങ്ങളുടെ പരമ്പരതാണ്ടിയ സിനിമ പ്രദർശനത്തിനെത്തിക്കാൻ ഇനിയും വൈകിക്കരുതെന്നാണ് വിതരണക്കാരും തിയേറ്റർ ഉടമകളും നിർമാതാക്കളെ ഉപദേശിച്ചിരിക്കുന്നത്. വൈകുന്തോറും വിതരണ ഇടപാടുകളെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം വന്നാലുടൻ ജനനായകന്റെ ഭാവിയിൽ തീരുമാനമുണ്ടാകും. വേനൽക്കാല അവധിയായതിനാൽ വേഗത്തിൽ റിലീസ് ചെയ്യുന്നത് വിതരണക്കാർക്കും ഗുണകരമാണ്. മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിയുന്ന ഘട്ടമായതിനാൽ വിജയ്ക്ക് അത് ഗുണകരമാവുകയും ചെയ്യും. പൈറസിമൂലമുണ്ടായ ചില നാശനഷ്ടങ്ങൾ നികത്താൻ, കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിനുള്ള അവസാന അവസരമാണ് വേനലവധിക്കാലമെന്നാണ് നിർമാതാക്കൾ കരുതുന്നത്.
വിജയ് ചിത്രങ്ങൾക്ക് പൊതുവേ ആദ്യദിവസങ്ങളിൽത്തന്നെ കോടികളുടെ കളക്ഷനാണ് ലഭിക്കാറുള്ളത്. ലിയോ, ബീസ്റ്റ് തുടങ്ങിയ സിനിമകൾക്ക് ആദ്യ ദിവസങ്ങളിൽമാത്രം തമിഴ്നാട്ടിൽ 50 മുതൽ 60 കോടി വരെ വലിയ തിയേറ്റർ ഷെയറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുമായി താരതമ്യപ്പെടുത്തിയാൽ ആഴ്ചകൾക്കുള്ളിൽ വൻതോതിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനാവും. സിനിമയുടെ വ്യാജപതിപ്പ് ലഭ്യമാകുന്നതിനാൽ തിയേറ്ററുകളിലെത്തുന്നവരിൽ കുറവുണ്ടാകുമെങ്കിലും യുവജനങ്ങൾ സിനിമയെ മുന്നോട്ടുനയിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.
Content Highlights: Cybercrime investigation launched against 21 individuals for unauthorized distribution of Jana Nayagan. Producers KVN Productions are prioritizing a May theatrical release to mitigate piracy-led financial losses. The film aims to capitalize on the summer vacation and post-election market sentiment. CBFC clarifies that secure key delivery mechanisms were used, denying internal leaks