അവതാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായി; മൂന്നാംഭാഗം 95 ശതമാനവും: ജയിംസ് കാമറൂൺ

ഹോളിവുഡ് ചലച്ചിത്ര പ്രേമികൾക്ക് സന്തോഷ വാർത്തയുമായി സംവിധായകൻ ജയിംസ് കാമറൂൺ. കാമറൂണിന്റെ വെള്ളിത്തിരയിലെ വിസ്മയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തീർന്നുവെന്നും, മൂന്നാംഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നും കാമറൂൺ പറഞ്ഞു.
ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂൺ മൂന്നോട്ട് പോയിരുന്നു. ന്യൂസീലന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലന്‍ഡ് പൂർണമായും കോവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാർ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചു.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർഥ്യമായത്.
അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കിൽ പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാല് ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടക്കാൻ സാധ്യതയുമില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്ക്മുതൽ തിരിച്ചുപിടിക്കാനാകൂ.
കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയിൽ ഈ വർഷം കുറഞ്ഞത് 37,000 കോടി രൂപയുടെ നഷ്ടമാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്തത്.
Content Highlights: james cameron on avatar sequel, Avatar 2, Avatar 3
Content Highlights: