മോഹൻലാലിനൊപ്പം ‘ജയിലർ 2’-ൽ ഹൃത്വിക് റോഷന്റെ കാമിയോ?; ഷാരൂഖ് ഖാന് കരുതിവെച്ച വേഷമെന്ന് സൂചന

സൂപ്പർതാരം രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2'-ൽ ബോളിവുഡ് താരം ഹൃത്വിക് റോഷൻ അതിഥി വേഷത്തിൽ എത്തുന്നു. നേരത്തെ ഷാരൂഖ് ഖാൻ ചെയ്യാനിരുന്ന വേഷത്തിലേക്കാണ് ഇപ്പോൾ ഹൃത്വിക് റോഷൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന 'കിങ്' എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് ഷാരൂഖ് ഖാൻ 'ജയിലറി'ൽനിന്ന് പിന്മാറിയതെന്നാണ് വിവരം.
ഇതോടെ ഏതാണ്ട് 40 വർഷങ്ങൾക്ക് ശേഷം ഹൃത്വിക് റോഷനും രജനീകാന്തും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും 'ജയിലറി'ന് ലഭിക്കും. 1986-ൽ പുറത്തിറങ്ങിയ 'ഭഗവാൻ ദാദ' എന്ന ചിത്രത്തിൽ ബാലതാരമായ ഹൃത്വിക് റോഷൻ രജനീകാന്തിനൊപ്പം അഭിനയിച്ചിരുന്നു.
'ജയിലർ 2'-ൽ വളരെ ശക്തമായൊരു അതിഥിവേഷത്തിലായിരിക്കും ഹൃത്വിക് റോഷൻ എത്തുക എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഥയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ രജനീകാന്തിന്റെ കഥാപാത്രത്തെ സഹായിക്കാൻ എത്തുന്ന സുഹൃത്തിന്റെ വേഷമാണ് ഹൃത്വിക് അവതരിപ്പിക്കുക. ജൂണിൽ തന്നെ താരം തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിൽ പങ്കുചേരുമെന്നാണ് വിവരം.
ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ, ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ ചില ഭാഗങ്ങളിൽ അണിയറപ്രവർത്തകർ തൃപ്തരല്ലാത്തതിനെ തുടർന്നാണ് ചില അഭിനേതാക്കളോട് വീണ്ടും ചിത്രീകരണത്തിനായി എത്താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ഷാരൂഖ് ഖാൻ ചിത്രത്തിൽ അഞ്ചുദിവസത്തെ അതിഥി വേഷം ചെയ്യാൻ പൂർണ്ണ സമ്മതനായിരുന്നുവെന്നും ഡേറ്റുകൾ ലോക്ക് ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മകൾ സുഹാന ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയായ 'കിങ്ങി'നാണ് ഷാരൂഖ് ഇപ്പോൾ മുൻഗണന നൽകുന്നത്. ചിത്രത്തിലെ തന്റെ ലുക്ക് പുറത്തുവരാതിരിക്കാൻ 'ജയിലറി'ന്റെ റിലീസ് 'കിങ്ങി'ന് ശേഷമാക്കാൻ ഷാരൂഖ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് സാധ്യമാകാത്തതിനാലാണ് അദ്ദേഹം പിന്മാറിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാൽ ഉൾപ്പെടെ വൻ താരനിര 'ജയിലറി'ലുണ്ടാവും.
Content Highlights: Bollywood superstar Hrithik Roshan is reportedly set to play a powerful cameo role in Rajinikanth’s highly anticipated action sequel, Jailer 2. The pivotal guest appearance was initially reserved for Shah Rukh Khan, who locked his dates but eventually opted out due to his commitment to his upcoming movie, King. If the reports are true, this film will mark a nostalgic reunion between Rajinikanth and Hrithik Roshan after nearly 40 years since the 1986 film Bhagwan Dada. Hrithik Roshan is expected to portray a close ally who arrives at a critical juncture in the plot to rescue Rajinikanth's character during a major crisis. While the principal photography was already wrapped, director Nelson Dilipkumar has called for specific patch-shoot reshoots to perfect certain sequences before the theatrical release