‘ജയിലർ 2’ താരങ്ങളുടെ പ്രതിഫലം എത്ര?; രജനിക്ക് 180 കോടി വരെ, കാമിയോയ്ക്ക് ഹൃത്വിക് വാങ്ങിയത് 25 കോടി

#മൂവീസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' തിയേറ്ററിൽ നിറഞ്ഞോടുകയാണ്. പുറത്തിറങ്ങി രണ്ടാം ദിവസവും ആരാധകർ തിയേറ്ററിലേക്ക് ഒഴുകുന്നു. 2023-ൽ പുറത്തിറങ്ങിയ 'ജയിലറി'ന്റെ രണ്ടാം ഭാഗമായ ചിത്രം ഇതുവരെ 125 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനിടെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ചർച്ചയാവുകയാണ്.

110 കോടി രൂപയാണ് തലൈവർ രജനീകാന്തിന് പ്രതിഫലം എന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തത്. പണമായുള്ള പ്രതിഫലത്തിന് പുറമേ, കരാർ പ്രകാരം ലാഭവിഹിതവും താരത്തിന് ലഭിക്കും. അങ്ങനെ ചിത്രം വൻവിജയമായി മാറിയാൽ 180 കോടിവരെ രജനീകാന്തിന് പ്രതിഫല ഇനത്തിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതിഥി വേഷത്തിന് ഹൃത്വിക് റോഷൻ 25 കോടി വാങ്ങിയതായാണ് റിപ്പോർട്ട്. ആറുകോടിയാണ് വിദ്യാ ബാലന്റെ പ്രതിഫലം. എട്ടുകോടിയാണ് ശിവരാജ് കുമാറിന്റെ പ്രതിഫലം. അതേസമയം, മോഹൻലാലിന്റെ പ്രതിഫലത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രത്തിൽ രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധ് സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിജയ് കാർത്തിക് കണ്ണനാണ്. എഡിറ്റിങ്: ആർ. നിർമൽ.

Content Highlights: Reports reveal cast remuneration details for Jailer 2, directed by Nelson Dilipkumar and produced by Sun Pictures. Lead actor Rajinikanth reportedly received ₹110 crore upfront, with profit shares potentially raising his earnings to ₹180 crore. Bollywood star Hrithik Roshan was paid ₹25 crore for his cameo appearance in the action thriller. Other reported remunerations include Shiva Rajkumar at ₹8 crore and Vidya Balan at ₹6 crore. Jailer 2 collected over ₹125 crore within two days of its theatrical release.