ജാഫര്‍ പനാഹിയെ വീണ്ടും തടവിന് ശിക്ഷിച്ച് ഇറാന്‍

#Movies Desk
ജാഫർ പനാഹി പാം ദോർ പുരസ്കാരവുമായി | ഫോട്ടോ: AP
ജാഫർ പനാഹി പാം ദോർ പുരസ്കാരവുമായി | ഫോട്ടോ: AP

വിഖ്യാതസംവിധായകന്‍ ജാഫര്‍ പനാഹിയെ വീണ്ടും തടവ് ശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍ ഭരണകൂടം. സംവിധായകന്റെ അഭാവത്തില്‍ ഒരുവര്‍ഷത്തെ തടവിനും യാത്രാവിലക്കിനും ശിക്ഷിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ശിക്ഷ.

രണ്ട് വര്‍ഷത്തെ യാത്രാ വിലക്കും, ഏതെങ്കിലും രാഷ്ട്രീയ- സാമൂഹിക ഗ്രൂപ്പുകളില്‍ അംഗമാകുന്നതിനുള്ള വിലക്കും ശിക്ഷയില്‍ ഉള്‍പ്പെടുന്നുവെന്ന് അഭിഭാഷകന്‍ മുസ്തഫ നിലി എഎഫ്പിയോട് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിനെതിരെ 'പ്രചാരണ പ്രവര്‍ത്തനങ്ങളില്‍' ഏര്‍പ്പെട്ടു എന്നതാണ് പനാഹിക്കെതിരായ കുറ്റമെന്ന് നിലി പറഞ്ഞു. പനാഹി ഇപ്പോള്‍ രാജ്യത്തിന് പുറത്താണെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാരനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് 2009 മുതല്‍ പലവട്ടം പനാഹിയെ ഇറാന്‍ അറസ്റ്റുചെയ്തിട്ടുണ്ട്. ഇറാനിലെ രാഷ്ട്രീയ തടവുകാരുടെ പ്രതികാരവാഞ്ഛയുടെ കഥപറയുന്ന 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്' എന്ന സിനിമ കാനിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ പാംദോര്‍ സ്വന്തമാക്കിയിരുന്നു.

കടുത്ത ഭരണകൂടവിമര്‍ശകനായ പനാഹി സിനിമയെടുക്കുന്നത് 2020-ല്‍ ഇറാന്‍ 20 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. വിലക്കുള്ളപ്പോഴും 'നോ ബെയേഴ്‌സ്' ഉള്‍പ്പെടെയുള്ളവ പനാഹി രഹസ്യമായി ഷൂട്ട് ചെയ്തിരുന്നു. പാം ദോര്‍ നേടിയ ചിത്രവും അങ്ങനെയെടുത്തതാണ്.

Content Highlights: Jafar Panahi sentenced to one year in prison by Iran