ഇറോട്ടിക് സിനിമകളുടെ കുലപതി, ‘കാലിഗുല’യുടെ സംവിധായകൻ; ടിന്റോ ബ്രാസ് അന്തരിച്ചു

'കാലിഗുല', 'സലൂൺ കിറ്റി' തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ടിന്റോ ബ്രാസ് (93) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു ടിന്റോ ബ്രാസിന്റെ അന്ത്യം. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ പരീക്ഷണ ചിത്രങ്ങളിലൂടെയാണ് ടിന്റോ ബ്രാസ് തുടക്കം കുറിച്ചത്. പിന്നീട് ധീരവും വിവാദപരവുമായ ഇറോട്ടിക് ചിത്രങ്ങളിലൂടെ അദ്ദേഹം ആഗോളതലത്തിൽ അറിയപ്പെടാൻ തുടങ്ങി.
വെനീസിലെ ഒരു കലാ കുടുംബത്തിൽ ജനിച്ച ടിന്റോ ബ്രാസ്, നിയമപഠനത്തിന് ശേഷം 1950-കളുടെ അവസാനത്തോടെ ചലച്ചിത്ര രംഗത്തേക്ക് തിരിയുകയായിരുന്നു. പാരീസിലേക്ക് ചേക്കേറിയ അദ്ദേഹം പ്രശസ്തമായ 'സിനിമാത്തെക് ഫ്രാൻസെസ്' സ്ഥാപനത്തിൽ ആർക്കൈവിസ്റ്റായി പ്രവർത്തിച്ചു. അവിടെ വെച്ച് ഇറ്റാലിയൻ നിയോറിയലിസ്റ്റ് സംവിധായകൻ റോബർട്ടോ റോസെലിനിയെ പരിചപ്പെടുകയും, അദ്ദേഹത്തിന്റെ 1959-ലെ 'ജനറൽ ഡെല്ല റോവറെ' എന്ന സിനിമയിൽ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.
1960-കളിൽ പരീക്ഷണാത്മക സിനിമകളിലൂടെ ശ്രദ്ധ നേടിയ ബ്രാസ്, 1970-കളോടെയാണ് ഇറോട്ടിക് സിനിമാ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധികാരവും പണവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ രാഷ്ട്രീയ മാനത്തോടെ ദൃശ്യവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 'മനുഷ്യന്റെ ആവിഷ്കാരത്തിന് ലൈംഗികത (eroticism) ഒരു പ്രധാന ഘടകമാണെന്ന് വിശ്വസിച്ചതിനാലാണ് താൻ ഇത്തരം സിനിമകൾ ചെയ്തത്' എന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു.
1963-ൽ പുറത്തിറങ്ങിയ 'ഇൻ കാപോ അൽ മോണ്ടോ' (പിന്നീട് 'ചി ലവോറ ഏ പെർദൂതോ' എന്ന് പുനർനാമകരണം ചെയ്തു) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ഇറ്റാലിയൻ സെൻസർ ബോർഡുമായി തർക്കത്തിലായി. തുടർന്ന് അദ്ദേഹത്തിന്റെ കരിയറിലുടനീളം നീണ്ടുനിന്ന സെൻസർഷിപ്പിനോടുള്ള പോരാട്ടങ്ങളുടെ തുടക്കമായിരുന്നു ഇത്.
1960-കളുടെ അവസാനത്തിലും 70-കളുടെ തുടക്കത്തിലും ലണ്ടനിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷയിലുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 1967-ൽ ജീൻ-ലൂയിസ് ട്രിന്റിഗ്നന്റ്, ഇവാ ഓലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഡെഡ്ലി സ്വീറ്റ്' എന്ന ഇറോട്ടിക് ചിത്രം സംവിധാനം ചെയ്തു. 1969-ൽ 'അട്രാക്ഷൻ', 1970-ൽ 'ഡ്രോപ്പ്ഔട്ട്' തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം ഇക്കാലയളവിൽ സംവിധാനം ചെയ്തു.
1976-ൽ നാസി കാലഘട്ടത്തിലെ ബെർലിൻ പശ്ചാത്തലമാക്കി ഒരുക്കിയ 'സലൂൺ കിറ്റി' എന്ന ഇറോട്ടിക് വാർ ഡ്രാമയിലൂടെയാണ് അദ്ദേഹത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും വിവാദപരവുമായ ചിത്രം 1979-ൽ പുറത്തിറങ്ങിയ 'കാലിഗുല' ആയിരുന്നു. മാൽക്കം മക്ഡൊവൽ, ഹെലൻ മിറൻ, ജോൺ ഗീൽഗുഡ്, പീറ്റർ ഒടൂൾ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം റോമൻ ചക്രവർത്തി കാലിഗുലയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.
പെന്റ്ഹൗസ് മാഗസിൻ സ്ഥാപകൻ ബോബ് ഗച്ചിയോണി നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഗോർ വിഡാലിന്റേതായിരുന്നു. ചിത്രീകരണത്തിനിടെ സംവിധായകനും നിർമാതാവും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് ചിത്രം പൂർത്തിയാക്കുന്നതിൽ ബ്രാസിന് നിയന്ത്രണം നഷ്ടപ്പെട്ടു. അഭിനേതാക്കൾ അഭിനയിച്ചു കഴിഞ്ഞതിന് ശേഷം നിർമാതാവ് ബ്രാസിന്റെ അനുമതിയില്ലാതെ അശ്ലീല രംഗങ്ങൾ ചിത്രീകരിച്ച് സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബ്രാസും തിരക്കഥാകൃത്ത് ഗോർ വിഡാലും ചിത്രത്തിൽ നിന്ന് പിന്മാറുകയും തങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിവാദങ്ങൾക്കിടയിലും അദ്ദേഹം ലൈംഗികതയും മനുഷ്യബന്ധങ്ങളും പ്രമേയമാക്കിയുള്ള ചിത്രങ്ങൾ ചെയ്യുന്നത് തുടർന്നു. 1983-ൽ ജാപ്പനീസ് എഴുത്തുകാരൻ ജുൻഇച്ചിറോ തനിസാക്കിയുടെ നോവലിനെ ആസ്പദമാക്കി 'ദി കീ' എന്ന ചിത്രം ഒരുക്കി. 'ബ്ലാക്ക് എയ്ഞ്ചൽ' (2002), 'ഫാലോ' (2003) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അവസാനകാലത്തെ പ്രമുഖ ചിത്രങ്ങൾ.
റോമിന്റെ പ്രാന്തപ്രദേശമായ ഇസോല ഫാർനീസിലായിരുന്നു അദ്ദേഹം അവസാനകാലത്ത് താമസിച്ചിരുന്നത്. 2017-ലാണ് അദ്ദേഹം കാറ്ററിന വാർസിയെ വിവാഹം കഴിച്ചത്. ബോണിഫാസിയോയും ബിയാട്രീസും മക്കളാണ്.
Content Highlights: Renowned Italian film director Tinto Brass passed away at the age of 93. He was globally famous for his bold and controversial erotic films, including 'Caligula' and 'Salon Kitty'. Brass started his career in the late 1950s working with Italian neorealist director Roberto Rossellini. His most controversial work, 'Caligula' (1979), involved high-profile actors like Malcolm McDowell and Helen Mirren. Survived by his wife Caterina Varzi and children Bonifacio and Beatrice, he spent his last years near Rome.