അല്‍ത്താഫ് സലീം- അനാര്‍ക്കലി മരിക്കാര്‍ ചിത്രം 'ഇന്നസെന്റ്' നാളെ തിയേറ്ററുകളില്‍

പ്രേക്ഷകരേവരും ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ്' വെള്ളിയാഴ്ച തിയേറ്ററുകളില്‍. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശി കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
'ഇന്നസെന്റ്' റിലീസ് ദിനത്തില്‍ റിലീസ് കേന്ദ്രങ്ങളില്‍ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളില്‍ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയാണ് 'ഇന്നസെന്റ്' ടീം ലക്ഷ്യമിടുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കിലി പോള്‍ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ'യുടെ ശാസ്ത്രീയ വേര്‍ഷന്‍ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തില്‍ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി 'അതിശയം' എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തന്‍ താരോദയമായ ഹനാന്‍ ഷായും നിത്യ മാമ്മനും ചേര്‍ന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടന്‍ ശൈലിയിലുള്ള 'അമ്പമ്പോ' എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഡുംഡുംഡും' എന്ന ഗാനവും വൈറലായിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് ട്രെയ്‌ലറില്‍നിന്ന് അറിയാനാകുന്നത്. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. എലമെന്റ്‌സ് ഓഫ് സിനിമ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ 'എലമെന്റ്‌സ് ഓഫ് സിനിമ എന്റര്‍ടെയ്ന്‍മെന്റ്‌സി'ന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.
ഛായാഗ്രഹണം: നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റര്‍: റിയാസ് കെ. ബദര്‍, സംഗീതം: ജയ് സ്റ്റെല്ലാര്‍, ഗാനരചന: വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആര്‍ട്ട്: മധു രാഘവന്‍, ചീഫ് അസോസിയേറ്റ്: സുമിലാല്‍ സുബ്രഹ്‌മണ്യന്‍, അനന്തു പ്രകാശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍: തന്‍സിന്‍ ബഷീര്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്: ശ്രീജിത്ത് ശ്രീകുമാര്‍.
Content Highlights: Altaf Salim and Anarkali Marikar reunite in `Innocent,` a fun-filled comedy hitting theaters this Friday! Starring Tanzanian star Kili Paul, don`t miss this entertainer