4 മാസം, ഇന്ത്യൻ ബോക്സോഫീസ് അടക്കിവാണ് ധുരന്ധർ 2, മലയാളത്തിൽ നേട്ടംകൊയ്ത് ആടും വാഴയും മോഹിനിയാട്ടവും

ധുരന്ധർ ദി റിവഞ്ച് മുന്നിൽനിന്ന് നയിച്ചപ്പോൾ 2026 ആദ്യപാദം ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 3,440 കോടി രൂപ. കഴിഞ്ഞവർഷത്തെ ആദ്യ മൂന്ന് മാസത്തേക്കാൾ കളക്ഷനിൽ 17 ശതമാനം വർധനവാണ് ഈവർഷം ഉണ്ടായത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തിലെ കണക്കുകൾപ്രകാരം ഏറ്റവും കൂടുതൽ കളക്ഷൻ മാർച്ചിലായിരുന്നു. 1690 കോടി. അതിൽ ഏറിയപങ്കും ധുരന്ധർ രണ്ടാംഭാഗത്തിന്റെ സംഭാവനയാണ്. മാർച്ച് 19-ന് റിലീസ് ചെയ്ത ധുരന്ധർ: ദി റിവഞ്ച് ഏപ്രിൽ ആദ്യവാരത്തോടെ 1,273 കോടിയോളം കളക്ഷൻ നേടി. മാർച്ചിലെ ആകെ കളക്ഷന്റെ 75 ശതമാനവും രൺവീർ സിങ് ചിത്രമായ ധുരന്ധർ ദി റിവഞ്ചിന്റെ പേരിലാണ്.
അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം പ്രൊജക്ട് ഹെയിൽ മേരി - 95 കോടി, തെലുങ്ക് ചിത്രം ഉസ്താദ് ഭഗത് സിങ്- 86 കോടി, തമിഴ് ചിത്രം യൂത്ത്- 62 കോടി, മലയാളത്തിലെ ആട് 3-60 കോടി എന്നിവയും മാർച്ചിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചു.
മലയാളം ബോക്സ് ഓഫീസ് തിരിച്ചുവരവിന്റെ പാതയിൽ എത്തിയത് ആട് 3 റിലീസോടെയാണ്. രാജ്യത്തെ വിവിധഭാഷകളിലെ സിനിമകളുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തുന്ന ഓർമാക്സ് ബോക്സ് ഓഫീസ് റിപ്പോർട്ട് പ്രകാരമുള്ള വിവരങ്ങളാണിത്.
2026 ജനുവരിയിൽ 1,324 കോടി രൂപയായിരുന്നു ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ. എന്നാൽ, ഫെബ്രുവരിയിൽ അത് 427 കോടി രൂപയായി കുത്തനെ ഇടിഞ്ഞു. തൊട്ടടുത്തമാസം ധുരന്ധറിലൂടെ മികച്ചനേട്ടമുണ്ടാക്കി. 2026-ൽ ഇന്ത്യൻ ബോക്സ്ഓഫീസിൽ 1000 കോടി പിന്നിട്ട ഏക സിനിമയാണ് ധുരന്ധർ ദി റിവഞ്ച്. മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ബോർഡർ 2-379 കോടി, മന ശങ്കര വര പ്രസാദ ഗാരു - 255 കോടി, ദി രാജാസാബ്- 172 കോടി എന്നിവയും 100 കോടിയ്ക്ക് മുകളിൽ പണംവാരി.
മലയാളം ബോക്സ് ഓഫീസിൽ നിറഞ്ഞോടുന്ന വാഴ 2 റിലീസ് ചെയ്തത് ഏപ്രിൽ ആദ്യവാരമാണ്. കേരളത്തിൽനിന്ന് മാത്രം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടാനായി. ഏപ്രിലിൽ റിലീസ് ചെയ്ത മോഹിനിയാട്ടവും നേട്ടമുണ്ടാക്കി.
Content Highlights: The Indian box office witnessed a 17% growth in the first quarter of 2026, amassing ₹3,440 crore, largely fueled by the massive success of Ranveer Singh's Dhurandhar: The Revenge, while Malayalam cinema saw a strong comeback through Aadu 3 and Vaazha 2.