മൂന്നാമത് 'ലോക'; ഓഗസ്റ്റില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രങ്ങള്‍ വാരിയത് 1,136 കോടി

ഓഗസ്റ്റില്‍ ഇന്ത്യയിലിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍നിന്ന് ആകെ വാരിക്കൂട്ടിയത് 1,136 കോടി. ഇതില്‍ 70 ശതമാനവും 'കൂലി', 'വാര്‍ 2', 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' എന്നീ ചിത്രങ്ങളുടെ മാത്രം കളക്ഷനാണ്. അതേസമയം, കളക്ഷനില്‍ ജൂലായ് മാസത്തെ അപേക്ഷിച്ച് 347 കോടിയുടെ കുറവുണ്ടായെന്നും ഒര്‍മാക്‌സ് മീഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ എട്ടുമാസം കൊണ്ട് 8370 കോടി രൂപയാണ് ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍. 2024-നെ അപേക്ഷിച്ച് 21% കൂടുതലാണിത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് വര്‍ഷത്തെ ആകെ കളക്ഷന്‍ 12,000 കോടി പിന്നിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 2023-ലാണ് ഒരുവര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍, 12,226 കോടി.
ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യപത്ത് ചിത്രങ്ങളുടെ പട്ടികയില്‍ മലയാളത്തില്‍നിന്ന് മൂന്നെണ്ണം ഇടംപിടിച്ചു. 184 കോടി കളക്ഷന്‍ നേടിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' പട്ടികയില്‍ മൂന്നാമതാണ്. 'ഹൃദയപൂര്‍വ്വം' (48 കോടി), 'സുമതി വളവ്' (20 കോടി) എന്നിവയാണ് ഓഗസ്റ്റില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ആദ്യപത്തിലുള്ള മറ്റ് മലയാള ചിത്രങ്ങള്‍.
325 കോടി നേടിയ 'കൂലി'യാണ് പട്ടികയില്‍ ഒന്നാമത്. 283 കോടി കളക്ഷനുമായി 'വാര്‍ 2' രണ്ടാമതുണ്ട്. 'ഛാവ'യാണ് ഇതുവരെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. 693 കോടി രൂപയാണ് ‘ഛാവ’ ബോക്‌സ് ഓഫീസില്‍നിന്ന് വാരിയത്. രണ്ടാമത് 'സയ്യാര' (396 കോടി)യും മൂന്നാമത് 'കൂലി' (325 കോടി)യുമാണ്. ഈ പട്ടികയില്‍ പത്താമതാണ് 'ലോക'.
Content Highlights: Indian box office collections reached ₹1136 crore in August, with `Coolie`, `War 2`, and `LOKAH: Chapter One - Chandra` leading the charts