ആമിർ ഖാന്റെ അനന്തരവൻ; യു.എസിൽ ജനനം, കുട്ടിക്കാലം മുംബൈയിൽ; എന്തുകൊണ്ട് ഇമ്രാന് ഇന്ത്യ വിടാൻ നോട്ടീസ്?

ബോളിവുഡ് താരം ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദേശിച്ചിരിക്കുകയാണ് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡിലാണ് രാജ്യത്ത് തങ്ങുന്നത്. മുംബൈയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് കടുത്ത നടപടി. ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നടൻ.
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനാണ് ഇമ്രാൻ ഖാൻ. ആമിർ ഖാന്റെ പിതൃസഹോദരൻ, പ്രശസ്ത സംവിധായകൻ നാസിർ ഹുസൈനിന്റെ മകളാണ് ഇമ്രാന്റെ മാതാവ് നുഹ്ഷത് ഖാൻ. നുഹ്ഷത്തിന്റെയും അനിൽ പാലിന്റെയും മകനായി യു.എസിലായിരുന്നു ഇമ്രാന്റെ ജനനം. നടൻ ജനിക്കുമ്പോൾ മാതാപിതാക്കൾ യു.എസിൽ വിദ്യാർഥികളായിരുന്നു. ഇമ്രാന് രണ്ടുവയസ്സുള്ളപ്പോൾ ഇരുവരും പിരിഞ്ഞു. മൂന്നാമത്തെ വയസ്സിൽ ഇമ്രാൻ മാതാവ് നുഹ്ഷത്തിനൊപ്പം മുംബൈയിലേക്ക് മാറി.
യു.എസിൽ താമസമാക്കിയ സോഫ്റ്റ്വെയർ എൻജിനിയറാണ് ഇമ്രാന്റെ പിതാവ് അനിൽ പാൽ. തന്നെ വളർത്തിയത് അമ്മയായതിനാലാണ് പേരിൽ പിതാവിന്റെ പേരില്ലാത്തതെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ ചോദ്യത്തിന് മറുപടിയായി ഇമ്രാൻ പറഞ്ഞിരുന്നു.
മാതാവ് നുഹ്ഷത് പിന്നീട് രാജ് സുത്ഷിയെ വിവാഹം ചെയ്തു. പിതാവ് അനിൽ പിന്നീട് വിവാഹിതനായില്ല. അനിൽ ഇന്ത്യയിലെത്തുമ്പോഴും ഇമ്രാൻ യു.എസിൽ പോവുമ്പോഴും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു.
മൂന്നാം വയസ്സിൽ ഇന്ത്യയിലെത്തിയ ഇമ്രാൻ 16-ാം വയസ്സിൽ യു.എസിലേക്ക് തിരികെപ്പോയി. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്ന ഇമ്രാൻ ഉന്നത പഠനം യു.എസിൽ പൂർത്തിയാക്കി. ലോസ് ആഞ്ജലിസിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ സിനിമ പഠിച്ചു. പഠനം പൂർത്തിയാക്കിയ ഇമ്രാൻ ഇന്ത്യയിൽ തിരിച്ചെത്തി ഹിന്ദി സിനിമകളുടെ ഭാഗമായി. 2008-ൽ 'ജാനെ തു... യാ ജാനെ നാ' എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം.
കിഡ്നാപ്, ലക്ക്, ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ബ്രേക്ക് കെ ബാദ്, ബോംബെ ടോക്കീസ് ഉൾപ്പെട്ട ഏതാനും സിനിമകളിൽ അഭിനയിച്ചു. 2008 മുതൽ സിനിമയിൽ സജീവമായ ഇമ്രാൻ, 2013-വരെ നിരന്തരം സിനിമകളുടെ ഭാഗമായി. 2013-ൽ നാല് സിനിമകളുടെ ഭാഗമായ ഇമ്രാൻ ഖാൻ, 2015-ലെ കട്ടി ഭാട്ടിയോടെ സിനിമയിൽനിന്ന് നീണ്ട ഇടവേളയെടുത്തു.
ബോളിവുഡിനോട് താത്കാലികമായി വിടപറഞ്ഞ ഇമ്രാൻ തിരികെ യു.എസിലേക്ക് പോയി. ഇക്കാലത്ത് താൻ വിഷാദത്തോട് പൊരുതുകയായിരുന്നുവെന്ന് ഇമ്രാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കാലിഫോർണിയയിൽ പിതാവിനൊപ്പമാണ് ഇക്കാലത്ത് ഇമ്രാൻ താമസിച്ചത്. ജനുവരിയിൽ പുറത്തിറങ്ങിയ 'ഹാപ്പി പട്ടേലി'ൽ ഇമ്രാൻ അതിഥിവേഷത്തിൽ എത്തിയിരുന്നു. വീർ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകൻ. ആമിർ ഖാനാണ് ചിത്രം നിർമിച്ചത്.
നിലവിൽ മുംബൈയിൽ താമസിച്ചുവരികയാണ് ഇമ്രാൻ ഖാൻ. 2011-ൽ അവന്തിക മാലിക്കുമായി വിവാഹിതനായ ഇമ്രാന് ഇമാരാ മാലിക് എന്നൊരു മകളുണ്ട്. 2019-ൽ അവന്തികയും ഇമ്രാൻ ഖാനും വേർപിരിഞ്ഞു. ഇപ്പോൾ നടി ലേഖ വാഷിങ്ടണുമായി പ്രണയത്തിലാണ്.
ഒക്ടോബർ 10-ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന ധർണയിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. എസ്.ഐ.ആർ. നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പ്രതിഷേധം. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.), വിവിധ രാഷ്ട്രീയ പാർട്ടികൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിദേശ പൗരത്വമുള്ള ഒരാൾ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് ചോദ്യംചെയ്ത് ബി.ജെ.പി. നേതാവ് കിരീട് സോമയ്യ പോലീസിലും എഫ്.ആർ.ആർ.ഒ.യിലും പരാതി നൽകുകയായിരുന്നു. സോമയ്യയുടെ പരാതിയെത്തുടർന്നാണ് ഒക്ടോബർ 28-നകം രാജ്യത്തുനിന്ന് പുറത്തുപോകാൻ എഫ്.ആർ.ആർ.ഒ. ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയത്.
Content Highlights: The Foreigners Regional Registration Office (FRRO) directed actor Imran Khan to leave India following his involvement in a Mumbai protest. Imran Khan, an OCI cardholder with US citizenship, is preparing to approach the Bombay High Court against the directive. Born in the US to Aamir Khan's niece Nuzhat Khan and Anil Pal, Imran moved to Mumbai at age three and completed film studies in Los Angeles. He made his Bollywood debut with 'Jaane Tu... Ya Jaane Na' in 2008 and recently made a cameo in 'Happy Patel'. The notice was issued after he joined a protest demanding the resignation of the Chief Election Commissioner on October 10 along with his family.