‘സംഗീതം അറിയില്ല, അതുകൊണ്ട് ഇപ്പോഴും ജോലി ചെയ്യുന്നു, അറിയുമായിരുന്നെങ്കിൽ വീട്ടിലിരുന്നേനെ’

#മൂവി ഡെസ്ക്
ഇളയരാജ | ഫോട്ടോ: PTI
ഇളയരാജ | ഫോട്ടോ: PTI

1,541 സിനിമകളിൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടും തനിക്ക് സംഗീതം അറിയില്ലെന്ന് സംഗീത സംവിധായകൻ ഇളയരാജ. അതുകൊണ്ടാണ് ഇപ്പോഴും ജോലി ചെയ്യുന്നതെന്നും മുംബൈയിൽ ഛത്രപതി സംഭജിനഗറിൽ എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഇളയരാജയെ പത്മപാണി അവാർഡ് നൽകി ആദരിച്ചു. അടുത്തിടെ വിമാനപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ചടങ്ങിൽ പങ്കെടുത്തവർ ആദരാഞ്ജലികൾ അർപ്പിച്ചു.

AIFF ചെയർപേഴ്സൺ നന്ദകിഷോർ കഗ്ലിവാൾ, എംജിഎം യൂണിവേഴ്സിറ്റി ചാൻസലർ അങ്കുശറാവു കദം, ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി എന്നിവരാണ് ഇളയരാജയെ പുരസ്കാരം നൽകി ആദരിച്ചത്. ഈ അവസരത്തിൽ, സംഗീത ലോകത്തെ തൻ്റെ ആദ്യകാല യാത്രയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. താൻ ഇപ്പോഴും തൻ്റെ പാട്ടുകൾ ലൈവ് ഓർക്കസ്ട്ര ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്യുന്നതെന്ന് ഇളയരാജ പറഞ്ഞു. ലൈവ് ഇൻസ്ട്രുമെൻ്റുകൾക്ക് മാത്രമേ വികാരങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"എൻ്റെ 1,541-ാമത്തെ സിനിമയുടെ പശ്ചാത്തല സംഗീതം പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ചടങ്ങിനെത്തിയത്. ഞാൻ എങ്ങനെയാണ് ഒരു പാട്ട് അല്ലെങ്കിൽ ട്യൂൺ കണ്ടെത്തുന്നത് എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഞാൻ അവരോട് പറയുന്നു, എനിക്ക് സംഗീതം അറിയില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്. എനിക്ക് സംഗീതത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നെങ്കിൽ, വീട്ടിലിരുന്ന് ഞാൻ അതിൽ പ്രാവീണ്യം നേടി എന്ന് കരുതിയിരുന്നേനെ," അദ്ദേഹം പറഞ്ഞു.

പണ്ടുകാലത്ത് സംഗീത വ്യവസായത്തിൽ സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ പാട്ടുകൾ ചിട്ടപ്പെടുത്തുന്നത് എളുപ്പമായിരിക്കുന്നു. 50 വർഷങ്ങൾക്ക് മുമ്പ്, ഏകദേശം 1968-ൽ തന്റെ കരിയറിന്റെ തുടക്കത്തിൽ സംഗീതം വ്യത്യസ്തമായിരുന്നു. കാരണം അക്കാലത്ത് സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല. ഇന്ന്, ഇലക്ട്രോണിക് ഉപകരണങ്ങളും കീബോർഡുകളും ഉപയോഗിച്ച് സംഗീതം നിർമ്മിക്കുന്നത് എളുപ്പമായിരിക്കുന്നു. ഇത് എല്ലാ വീട്ടിലും സംഗീതസംവിധായകൻമാരെ സൃഷ്ടിച്ചുവെന്നും ഇളയരാജ കൂട്ടിച്ചേർത്തു.

Content Highlights: Legendary composer Ilaiyaraaja shares his humility in music, citing 1541 films and his continued work ethic. He emphasizes the emotion in live orchestras.