‘ആ തീരുമാനത്തെ എതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?’; IFFK സിനിമകളുടെ വിലക്കിൽ റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: ആറു ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര അക്കാദമി തന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. ചലച്ചിത്രമേള അവസാനിക്കുന്നതിന്റെ തലേദിവസം ഐഎഫ്എഫ്‌കെയിലെത്തിയ റസൂൽ പൂക്കുട്ടി വ്യാഴാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വിദേശനയവുമായി ബന്ധപ്പെട്ട് അനുമതി തരാത്തതിനെ എതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോയെന്നും അദ്ദേഹം ചോദിച്ചു.
'ഇന്ത്യാ ഗവൺമെന്റിന്റെ വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊണ്ട് സിനിമകൾക്ക് അനുമതി തരുന്നില്ല എന്ന് പറയുമ്പോൾ എന്തടിസ്ഥാനത്തിലാണ് എതിർക്കേണ്ടത്. ആ എതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ. അങ്ങനെയാണോ നമ്മൾ ചെയ്യേണ്ടത്', റസൂൽ പൂക്കുട്ടി പറഞ്ഞു.
അങ്ങനെയെങ്കിൽ കേരള സർക്കാരിന്റെ നിലപാടുകൾ പൊള്ളത്തരമായിരുന്നോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'അത് രാഷ്ട്രീയ തീരുമാനമാണ്. ഭരണവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. നമ്മൾ ആദ്യം ഇന്ത്യക്കാരാണ്, മറ്റെല്ലാം രണ്ടാമത്', എന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ വാക്കുകൾ.
'ആറ് ചിത്രങ്ങൾക്ക് എക്‌സംഷൻ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ ഞാൻ എതിർക്കുന്നില്ല. ഏത് രാജ്യത്തിന്റെ സിനിമകളാണെന്ന് ഞാൻ പറയുന്നില്ല. ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമാണ്, അത് നിങ്ങൾക്ക് ഇങ്ങനെ വെച്ചുകളിക്കാനുള്ള സാധനമല്ല കേട്ടോ', അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചിത്രങ്ങൾ അനുമതിക്കായി അയക്കുന്നതിൽ ഐഎഫ്എഫ്‌കെയുടെ ഭാഗത്തോ അക്കാദമിയുടെ ഭാഗത്തോ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Resul Pookutty defends decision to drop 6 films, questioning those who oppose India`s foreign policy