'ദി ലഞ്ച് ബോക്സ്' മുതൽ 'കോർട്ട്'വരെ: ആഗോളശ്രദ്ധ നേടിയ സിനിമകൾക്ക് വഴിയൊരുക്കിയ ഫിലിം ബസാർ ഇരുപതിന്റെ നിറവിൽ

എംഐബി അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, എൻഎഫ്ഡിസി ചെയർമാൻ ജി കൃഷ്ണകുമാർ, എംഐബി സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ, ശ്രീ ധീരജ് സിംഗ്, എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ എന്നിവർ വേവ്സ് ഫിലിം ബസാർ ഉദ്ഘാടനവേളയിൽ | ഫോട്ടോ: നന്ദു ശേഖർ \ മാതൃഭൂമി
എംഐബി അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, എൻഎഫ്ഡിസി ചെയർമാൻ ജി കൃഷ്ണകുമാർ, എംഐബി സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ, ശ്രീ ധീരജ് സിംഗ്, എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ എന്നിവർ വേവ്സ് ഫിലിം ബസാർ ഉദ്ഘാടനവേളയിൽ | ഫോട്ടോ: നന്ദു ശേഖർ \ മാതൃഭൂമി

പനജി: ഇന്ത്യൻ സിനിമയെയും അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'വേവ്സ് ഫിലിം ബസാറിന്റെ' ഇരുപതാം പതിപ്പിന് തുടക്കമായി. പനജിയിൽ നടന്ന ചടങ്ങിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം മാർക്കറ്റിന്റെ ഉദ്ഘാടനം നടന്നു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എന്താണ് വേവ്സ് ഫിലിം ബസാർ?

ദക്ഷിണേഷ്യൻ സിനിമകളെയും അന്താരാഷ്ട്ര ചലച്ചിത്ര വിപണിയെയും തമ്മിൽ ബന്ധിപ്പിക്കാൻ എൻ.എഫ്.ഡി.സി ഒരുക്കുന്ന ഏറ്റവും വലിയ വാണിജ്യ സഹകരണ വേദിയാണ് വേവ്സ് ഫിലിം ബസാർ. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി എല്ലാ വർഷവും ഇത് നടക്കാറുണ്ട്. കേന്ദ്ര സർക്കാരിന്റെ 'വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ്' (WAVES) സംരംഭത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഇത് സംഘടിപ്പിക്കുന്നത്.

സ്വതന്ത്ര സിനിമാ പ്രവർത്തകർ, പ്രാദേശിക ഭാഷാ സിനിമകൾ, നവാഗതർ എന്നിവർക്ക് അന്താരാഷ്ട്ര നിർമ്മാതാക്കൾ, വിതരണക്കാർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ, നിക്ഷേപകർ എന്നിവരുമായി നേരിട്ട് സംവദിക്കാനും സിനിമകൾക്ക് സാമ്പത്തിക സഹായവും ആഗോള തലത്തിൽ വിപണി കണ്ടെത്താനും ഇത് അവസരമൊരുക്കും.

ഫിലിം ബസാറിന്റെ പ്രധാന വിഭാഗങ്ങൾ

കോ-പ്രൊഡക്ഷൻ മാർക്കറ്റ്: തിരക്കഥാ ഘട്ടത്തിലുള്ള സിനിമകൾക്കും വെബ് സീരീസുകൾക്കും അന്താരാഷ്ട്ര നിർമ്മാണ പങ്കാളികളെയും ഫണ്ടിംഗും കണ്ടെത്താനുള്ള വേദി.

സ്ക്രീൻറൈറ്റേഴ്സ് ലാബ്: അന്താരാഷ്ട്ര സിനിമാ രംഗത്തെ വിദഗ്ധരുടെ കീഴിൽ തിരക്കഥകൾ മെച്ചപ്പെടുത്താനുള്ള പരിശീലന കളരിയാണിത്.

വർക്ക് ഇൻ പ്രോഗ്രസ് ലാബ്: ചിത്രീകരണം പൂർത്തിയായതും എഡിറ്റിംഗ് ഘട്ടത്തിലുള്ളതുമായ സിനിമകൾ വിദഗ്ധർക്ക് മുന്നിൽ പ്രദർശിപ്പിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള അവസരം.

വ്യൂവിംഗ് റൂം & മാർക്കറ്റ് സ്ക്രീനിംഗ്: പൂർത്തിയായ സിനിമകൾ അന്താരാഷ്ട്ര വിതരണക്കാർക്കും ഫെസ്റ്റിവൽ അധികൃതർക്കും മുന്നിൽ പ്രദർശിപ്പിക്കാനുള്ള സംവിധാനം.

'ദി ലഞ്ച് ബോക്സ്', 'ഷിപ്പ് ഓഫ് തീസിയസ്', 'മാർഗരിറ്റ വിത്ത് എ സ്ട്രോ', 'തിഥി', 'കോർട്ട്' തുടങ്ങി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒട്ടേറെ ഇന്ത്യൻ സിനിമകൾ പിറവിയെടുത്തത് ഫിലിം ബസാറിലൂടെയാണ്.

2007-ൽ 18 രാജ്യങ്ങളിൽ നിന്നുള്ള 204 പ്രതിനിധികളുമായി ആരംഭിച്ച ഫിലിം ബസാർ, ഇപ്പോൾ 2,500-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന വലിയ വേദിയായി മാറിയെന്ന് ഫിലിം ബസാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ പറഞ്ഞു. ആശയങ്ങളെ അവസരങ്ങളാക്കി മാറ്റുന്ന വേദിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സിനിമ പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ, തിരക്കഥയുടെ പ്രാരംഭ ഘട്ടത്തിൽ പോലും സിനിമാ പ്രവർത്തകരെ സഹായിക്കാൻ ഈ വേദിക്ക് സാധിക്കുന്നുണ്ടെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ പറഞ്ഞു.

പൂർത്തിയാകാത്ത തിരക്കഥകളുമായി എത്തുന്നവർക്കും, പ്രേക്ഷകരെ തേടുന്ന പൂർത്തിയായ സിനിമകൾക്കും ഒരുപോലെ സഹായകരമാകുന്ന ആളുകളെ ഇവിടെ കണ്ടെത്താനാകും. ഒരു കാപ്പി കുടിക്കാനുള്ള ചെറിയ ക്ഷണത്തിൽ നിന്ന് തുടങ്ങുന്ന സൗഹൃദ സംഭാഷണങ്ങൾ പോലും വലിയ സിനിമാ കൂട്ടായ്മകൾക്ക് വഴിതുറന്നേക്കാമെന്നും, പ്രതിനിധികൾ ഈ ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.എഫ്.ഡി.സി ചെയർമാൻ ജി. കൃഷ്ണകുമാറും ചടങ്ങിൽ പങ്കെടുത്തു.

Content Highlights: The 20th edition of 'WAVES Film Bazaar'—South Asia's largest film market organized by NFDC under the Ministry of Information and Broadcasting alongside IFFI—was officially inaugurated in Panaji, Goa, featuring key segments like the Co-Production Market, Screenwriters' Lab, Work-In-Progress Lab, and Viewing Room to connect Indian and independent filmmakers with over 2,500 global delegates, investors, and distributors.