അനുകരണമല്ല, കഥാപാത്രത്തിന്റെ ആത്മാവറിഞ്ഞുള്ള അഭിനയം: ‘ധുരന്ധറി’ന്റെ അണിയറ വിശേഷങ്ങളുമായി രാകേഷ് ബേദി

IFFI-യിൽ രാകേഷ് ബേദി സംസാരിക്കുന്നു | ഫോട്ടോ: നന്ദു ശേഖർ \ മാതൃഭൂമി
IFFI-യിൽ രാകേഷ് ബേദി സംസാരിക്കുന്നു | ഫോട്ടോ: നന്ദു ശേഖർ \ മാതൃഭൂമി

പനജി: IFFI-യിൽ ധുരന്ധറിന്റെ അണിയറ വിശേഷങ്ങളും കഥാപാത്രമുണ്ടായതിന് പിന്നിലെ കഥകളും പങ്കുവെച്ച് നടൻ രാകേഷ് ബേദി. ചിത്രത്തിൽ ‘ജമീൽ ജമാലി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുഭവം പങ്കുവെച്ച രാകേഷ് ബേദി ധുരന്ധറിൽ സൂക്ഷ്മമായി എഴുതപ്പെട്ട തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

തന്റെ നാടക പശ്ചാത്തലമാണ് അഭിനയകലയുടെ അടിത്തറയെന്ന് രാകേഷ് ബേദി പറഞ്ഞു. കഥാപാത്രത്തെ രൂപപ്പെടുത്താൻ വലിയ ഗവേഷണം നടത്തി. കേവലം അനുകരണത്തിനപ്പുറം, രംഗത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചുള്ള പൂർണ്ണമായ കഥാപാത്രാവിഷ്കാരമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന ദൃശ്യമാധ്യമ ലോകത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഏക് ദുജേ കേ ലിയേ’, ‘തിരംഗ’, ‘ചഷ്മെ ബുദ്ദൂർ’ തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ വലിയ വിജയങ്ങൾ ഓർമ്മിപ്പിച്ച ബേദി, അന്ന് വലിയ ജനപ്രീതി ഉണ്ടായിരുന്നിട്ടും ഡിജിറ്റൽ സൗകര്യങ്ങളുടെ അഭാവം കാരണം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്താൻ പരിമിതികളുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ വരവോടെ ഒരൊറ്റ ക്ലിക്കിൽ ലോകത്തെ ഏത് കോണിലുമുള്ള പ്രേക്ഷകരിലേക്ക് അഭിനേതാക്കളുടെ പ്രകടനങ്ങൾ എത്തുന്നുണ്ടെന്നും രാകേഷ് ബേദി പറഞ്ഞു.

‘തിരക്കഥയുടെയും കഥാപാത്രത്തിന്റെ വളർച്ചയുടെയും ഭാഗമായി ഓരോ ഭാവങ്ങളും ചലനങ്ങളും കൃത്യമായി ആസൂത്രണം ചെയ്യുന്നതാണ്. സിനിമയിൽ ഒന്നും യാദൃശ്ചികമായി ചെയ്യുന്നതല്ല.‘ വളരെയധികം പ്ലാൻ ചെയ്താണ് ഓരോ സീനും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ മനസ്സ് മനസ്സിലാക്കിയാൽ സംഭാഷണങ്ങളും പ്രതികരണങ്ങളും വികാരമാറ്റങ്ങളും സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Veteran actor Rakesh Bedi spoke at IFFI in Panaji about his meticulously written character 'Jameel Jamali' in Dhurandhar, reflecting on his five-decade acting journey from classics like Chashme Buddoor and Ek Duuje Ke Liye to how social media and digital platforms have transformed global audience reach today.