18th IDSFFK : 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി കിട്ടിയില്ല, ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: 18-ാമത് IDSFFKയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നൽകിയില്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ 9 ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദർശനാനുമതി കിട്ടാതെ പോയത്. ഒരു മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്‌സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അനുമതി കിട്ടാതിരുന്നത്.
സെൻസർ സർട്ടിഫിക്കറ്റില്ലാത്ത സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നതിന് ചിത്രങ്ങളുടെ പട്ടിക കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് 347 സിനിമകളുടെ പട്ടികയാണ് സെൻസർ ഇളവിനായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ സമർപ്പിച്ചിരുന്നത്. ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം സഹിതമുള്ള അപേക്ഷയാണ് നൽകിയത്. തുടർന്ന് മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്‌സിസും ചിത്രങ്ങൾ കാണാനുള്ള സ്‌ക്രീനറുകളും നൽകിയിരുന്നു.
അതേസമയം ഈ നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അത്തരത്തിൽ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണ്.
ഡോക്യുമെന്ററി സിനിമയും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ്. വ്യത്യസ്ത ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ അടിസ്ഥാന സ്വഭാവം. പ്രേക്ഷകർക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനുമുള്ള അവസരം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Content Highlights: he Ministry of Information and Broadcasting has denied screening permission for 31 films officially selected for the 18th International Documentary and Short Film Festival of Kerala (IDSFFK). Cultural Affairs Minister P. C. Vishnunath criticized the move, stating that restricting curated festival films undermines curatorial freedom and stifles creative dialogue.