മകൾക്കൊപ്പം പോസ് ചെയ്യാൻ വിസമ്മതിച്ച് ഡിംപിൾ കപാഡിയ, ' ഫോട്ടോ സീനിയേഴ്സിനൊപ്പം മാത്രം'

താരലോകത്തെ ഗോസിപ്പുകളും അസ്വാരസ്യങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും മിക്കപ്പോഴും പരസ്യങ്ങളായ രഹസ്യങ്ങളാണ്. പാപ്പരാസികളുടെ ക്യാമറക്കണ്ണുകളില്‍പതിയുന്നതോടെയാണ് പല രഹസ്യങ്ങളും പരസ്യമാവാറ്. അത്തരത്തില്‍ ഒരു പുതിയ ബോളിവുഡ് അസ്വാരസ്യത്തിന് മൂര്‍ച്ചകൂട്ടുന്ന വീഡിയോയാണ് പാപ്പരാസികളിലൂടെ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡിംപിള്‍ കപാഡിയ മകളും നടിയുമായ ട്വങ്കിള്‍ ഖന്നക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വിസമ്മതിച്ചതാണ് പുതിയ വിഷയം.
പതിനാലാം വയസ്സില്‍ ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ച പ്രതിഭയാണ് ഡിംപിള്‍ കപാഡിയ. ഡിംപിളിന്റെ 'ഗോ നോനി ഗോ' എന്ന ചിത്രം പ്രദര്‍ശിപ്പിച്ച എം.എ.എം.ഐ. (മുംബൈ അക്കാഡമി ഓഫ് മൂവിങ് ഇമേജ്) ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് സംഭവം ഉണ്ടായത്. മകളും നടിയുമായ ട്വങ്കിള്‍ ഖന്നക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഡിംപിള്‍ വിസമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത താരജോടികളായ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ഒരുമിച്ചാണ് ഫെസ്റ്റിവലില്‍ ചിത്രംകാണാനെത്തിയത്. ഡിംപിളിന്റെ പിന്നിലായി വന്ന ട്വിങ്കിളിനൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോഴാണ്, 'ജൂനിയേഴ്സിനൊപ്പം പോസ് ചെയ്യില്ല, സീനിയേഴ്സിന്റെ ഒപ്പം മാത്രം,' എന്ന് ഡിംപിള്‍ പറയുന്നത്. അതേസമയം, പിന്നില്‍ അക്ഷയ് കുമാറും ട്വിങ്കിളും ക്യാമറകള്‍ക്കുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തയ്യാറാകുന്നതും കാണാം.
പ്രശസ്ത നടന്‍ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കബാഡിയയുടെയും മകളാണ് ട്വിങ്കിള്‍. 1995-ല്‍ ബര്‍സാത് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ട്വിങ്കിള്‍ പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയെങ്കിലും നിര്‍മാണ രംഗത്ത് സജീവമാണ്. എഴുത്തുകാരിയെന്ന നിലയിലും പ്രശസ്തയാണ്. പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതുന്ന ട്വിങ്കിളിന്റെ ട്വീക് ഇന്ത്യ എന്ന വെല്‍നെസ് വെബ്സൈറ്റിനും ആരാധകരേറെയാണ്. ഇന്റീരിയര്‍ ഡിസൈനര്‍ എന്ന നിലയിലും ട്വിങ്കിള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
Content Highlights: dimple kapadia refuses to pose with daughter and actor twinkle khanna paparassi shares picture