'അവസാനം പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസ് ബോംബ് ആയിരുന്നു'; സ്വയം ട്രോളി ഹൃതിക്, വീഡിയോ വൈറൽ

#മൂവി ഡെസ്ക്
ഹൃതിക് റോഷൻ | ഫോട്ടോ: AFP
ഹൃതിക് റോഷൻ | ഫോട്ടോ: AFP

അയാൻ മുഖർജി സംവിധാനം ചെയ്ത വാർ 2 എന്ന ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ് ഹൃതിക് റോഷൻ. ഒരു ചടങ്ങിൽ പങ്കെടുക്കവേ തമാശരൂപേണയാണ് ഹൃതിക് ഈ സിനിമയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചത്. ചടങ്ങിൽ അവതാരകൻ ഹൃതിക്കിനെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ചപ്പോഴാണ് തന്റെ അവസാനം പുറത്തിറങ്ങിയ സിനിമ കനത്ത പരാജയം നേരിട്ടെന്ന് താരം പറഞ്ഞത്.

വേദിയിൽ സന്നിഹിതനായിട്ടുള്ള സൂപ്പർതാരത്തിന് കയ്യടി നൽകൂ എന്നാണ് വൈറലായ വീഡിയോയിൽ അവതാരകൻ പറയുന്നത്. ഇതിൽ ഹൃതിക് ഇടപെട്ട് സംസാരിക്കുകയായിരുന്നു. 'എന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫിസിൽ ബോംബ് ആയിരുന്നു. അതുകൊണ്ട് ഇപ്പോൾ കിട്ടുന്ന സ്നേഹം വലിയ കാര്യമായി തോന്നുന്നു. നന്ദി' എന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. 400 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നു.

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമായ 'വാർ 2', 2019-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'വാറി'ന്റെ രണ്ടാം ഭാഗമാണ്. ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരായിരുന്നു മറ്റുരണ്ട് സുപ്രധാനവേഷങ്ങളിൽ. മേജർ കബീർ ധലിവാളായി ഹൃത്വിക് തിരിച്ചെത്തിയപ്പോൾ, ഏജന്റ് വിക്രമായി ജൂനിയർ എൻടിആർ ഈ ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചു. അശുതോഷ് റാണ, അനിൽ കപൂർ, വരുൺ ബഡോല എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

'വാർ 2' ഒരു വലിയ ബോക്സ് ഓഫീസ് വിജയമാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. മികച്ച തുടക്കം ലഭിച്ച ചിത്രത്തിന് പിന്നീട് ആ മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞില്ല. ഹൃത്വിക് അടുത്തതായി അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ 'ക്രിഷ് 4'ലാണ്. അദ്ദേഹത്തിന്റെ ചലച്ചിത്രകാരനായ പിതാവ് രാകേഷ് റോഷനാണ് ഈ പ്രഖ്യാപനം നടത്തിയത്. ആദിത്യ ചോപ്രയുമായി ചേർന്നാണ് അദ്ദേഹം ചിത്രം നിർമ്മിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രത്തിലും ഹൃതിക് അഭിനയിക്കും.

Content Highlights: Hrithik Roshan humorously addresses the box office performance of `War 2`, his latest film. Discover his candid remarks and what`s next for the superstar.