കല്യാണ കത്തുവരെ തയ്യാറാക്കി, എല്ലാം നിശ്ചയിച്ചു; സൽമാന്റെ വിവാഹം മുടങ്ങിയതിങ്ങനെ

ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സംഗീത ബിജ്‌ലാനിയും തമ്മിലുള്ള പ്രണയകഥ. 1986 ല്‍ തുടങ്ങിയ പ്രണയം 10 വര്‍ഷങ്ങള്‍ നീണ്ടു. വിവാഹത്തിൽ എത്തിച്ചേരുമായിരുന്ന ആ ബന്ധം പിന്നീട് വഴിപിരിഞ്ഞു.
ആ കഥ ഇങ്ങനെ; ദീർഘനാൾ പ്രണയിച്ചതിന് ശേഷം സൽമാനും സംഗീതയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ തിയ്യതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. തന്റെ സുഹൃത്ത് സോമി അലിയുമായി സൽമാന് ബന്ധമുണ്ടെന്ന് സംശയിച്ച സംഗീത വിവാഹത്തിൽ നിന്ന് പിൻമാറി.
സൽമാനിൽ നിന്ന് വേർപിരിഞ്ഞ സംഗീത ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ വിവാഹം കഴിച്ചു. 2010 ല്‍ അസറുദ്ദീനും സംഗീതയും വിവാഹമോചിതരായി.
സൽമാന്റെ പ്രണയബന്ധങ്ങൾ പിന്നീടും വലിയ ചർച്ചയായിട്ടുണ്ട്. അതിൽ ബോളിവുഡ് നടി ഐശ്വര്യ റായുമായുള്ള പ്രണയമാണ് വലിയ വിവാദമായത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 2002 ല്‍ വേര്‍പിരിഞ്ഞു.
സല്‍മാന്റെ അക്രമണോത്സുകമായ പെരുമാറ്റമാണ് ബന്ധം പിരിയാനുള്ള കാരണമെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. തന്നെ ചതിച്ചുവെന്നും മോശമായി പെരുമാറിയെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. സൽമാനിൽ നിന്ന് പിരിഞ്ഞ ഐശ്വര്യ നടൻ വിവേക് ഒബ്റോയിയുമായി പ്രണയത്തിലായി. തുടർന്ന് സൽമാനിൽ നിന്ന് വിവേകിന് ഭീഷണികൾ നേരിടേണ്ടി വന്നു. സിനിമാ സെറ്റിൽ മദ്യപിച്ച് വന്ന സൽമാൻ താനുമായി വഴക്കുണ്ടാക്കാൻ ശ്രമിച്ചുവെന്നും തന്റെ കരിയർ തകർത്തുവെന്നും വിവേക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
താൻ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്ന് സൽമാൻ ഈയിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം'- സല്‍മാന്‍ വ്യക്തമാക്കി.
റൊമാനിയക്കാരിയായ മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ഒരു കാലത്ത് പ്രചരണങ്ങളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. വിവാഹ വാര്‍ത്തയില്‍ സത്യമില്ലെന്ന് സല്‍മാനും സഹോദരി അര്‍പിതയും രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ലൂലിയയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് സല്‍മാന്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. വിവാദമായ കേസുകളില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്നും ഒരിക്കല്‍ സല്‍മാന്‍ പറഞ്ഞിരുന്നു.
Content Highlights: Why Salman Khan's wedding was called off despite invites being printed, Throwback story
Content Highlights: