എം.കെ. സ്റ്റാലിനെക്കുറിച്ച് അധിക്ഷേപ പരാമർശം: നടി മീര മിഥുനിനെ അറസ്റ്റുചെയ്യാൻ ഹൈക്കോടതി നിർദേശം

മീര മിഥുൻ | ഫോട്ടോ: www.instagram.com/mithunmeera/
മീര മിഥുൻ | ഫോട്ടോ: www.instagram.com/mithunmeera/

ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെപ്പറ്റി അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ നടി മീരമിഥുൻ എന്ന എം. തമിഴ്‌ശെൽവിയെ അറസ്റ്റുചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ഉത്തരവ്.

പുറത്തുവരാനിരിക്കുന്ന സിനിമയായ പേയ് കാണോമിന്റെ പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് തരംതാണ ഭാഷയിൽ നടി മുഖ്യമന്ത്രിക്കെതിരേ പരാമർശം നടത്തിയത്. ഇതിന്റെ പേരിൽ സൈബർ പോലീസ് കേസെടുത്തതിനെത്തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. 

ശബ്ദസന്ദേശം ഗ്രൂപ്പിൽ വന്ന സമയത്ത് താൻ ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു എന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ നടി പറഞ്ഞത്. എന്നാൽ ഇവർ സ്ഥിരമായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നയാളാണെന്ന് സർക്കാർ അഭിഭാഷകൻ എസ്. സന്തോഷ് ചൂണ്ടിക്കാണിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട ഹൈക്കോടതി നടിയെ അറസ്റ്റു ചെയ്യാൻ പോലീസിന് നിർദേശം നൽകുകയും ചെയ്തു.

ബിഗ് ബോസ് ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയയായ മീര മിഥുൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്നയാളാണ്. നേരത്തേ ദളിത് വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിയമനടപടി നേരിട്ട ഇവരെ കഴിഞ്ഞവർഷം ഓഗസ്റ്റിൽ കേരളത്തിലെ ആലപ്പുഴയിൽനിന്നാണ് അറസ്റ്റുചെയ്തത്.

Content Highlights: Madras High Court, Actress Meera Mithun, Tamil Nadu Chief Minister MK Stalin