‘ധർമേന്ദ്രയുടെ ആരോഗ്യം വഷളാകുന്നത് കണ്മുന്നിൽക്കണ്ടു, വിവരിക്കാനാവാത്ത അത്രയും കഠിനമായ സാഹചര്യം’

#മൂവി ഡെസ്ക്
ധർമേന്ദ്രയും ഹേമ മാലിനിയും | ഫോട്ടോ: ANI
ധർമേന്ദ്രയും ഹേമ മാലിനിയും | ഫോട്ടോ: ANI

ധർമേന്ദ്രയുടെ അവസാനനാളുകളിൽ കുടുംബം നേരിട്ട വൈകാരികമായ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഹേമ മാലിനി. മുൻപ് നടന്നതുപോലെ രോഗമുക്തനായി അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ എല്ലാവരും കഴിഞ്ഞതെന്ന് അവർ വിവരിച്ചു. ഒരു അഭിമുഖത്തിലായിരുന്നു ഹേമ മാലിനി ഇക്കാര്യം പറഞ്ഞത്.

ധർമേന്ദ്ര ആശുപത്രിയിൽ കഴിഞ്ഞ അവസാനനാളുകൾ കുടുംബത്തിന് അതീവ പ്രയാസകരമായിരുന്നു. ഒരു മാസത്തോളം നീണ്ട ആശുപത്രിവാസത്തിനിടയിൽ ഹേമ, മക്കളായ ഇഷ, അഹാന, സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുൻപ് പലതവണ ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴും അദ്ദേഹം സുഖം പ്രാപിച്ച് മടങ്ങിവന്നിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും അദ്ദേഹം അത്തരത്തിൽ തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം മുഴുവനുമെന്ന് അവർ പറഞ്ഞു.

"ധർമേന്ദ്രയുടെ ആരോഗ്യസ്ഥിതി വഷളാവുന്നത് കാണുന്നത് വേദനാജനകമായിരുന്നു. അദ്ദേഹം ഞങ്ങളോട് നന്നായി സംസാരിക്കുമായിരുന്നു. എൻ്റെ ജന്മദിനത്തിൽ (ഒക്ടോബർ 16), അദ്ദേഹം എനിക്ക് ആശംസകൾ നേർന്നിരുന്നു. ഡിസംബർ 8-ന് അദ്ദേഹത്തിന് 90 വയസ്സ് തികയാനിരിക്കുകയായിരുന്നു, ഞങ്ങൾ അത് നന്നായി ആഘോഷിക്കാൻ ആലോചിക്കുകയായിരുന്നു. തയ്യാറെടുപ്പുകൾ നടന്നുവരികയായിരുന്നു, അപ്പോഴാണ് പെട്ടെന്ന് അദ്ദേഹം ഞങ്ങളെ വിട്ടുപോയത്. അദ്ദേഹത്തെ നേരിട്ട് ഈ അവസ്ഥയിൽ കാണുന്നത് വളരെ വേദനാജനകമായിരുന്നു. ആരും ഈ അവസ്ഥയിലൂടെ കടന്നുപോകരുത്." അവർ പറഞ്ഞു.

ധർമേന്ദ്രയുമായുള്ള കുടുംബത്തിൻ്റെ ഓർമ്മകൾ ഇപ്പോഴും സജീവമാണെന്ന് ഹേമ മാലിനി പങ്കുവെച്ചു. "ഇന്ന് രാവിലെ ഞാൻ അദ്ദേഹത്തിന് ഇഷ്ടമുള്ള ചട്നിയോടൊപ്പം കഴിക്കാൻ തേപ്പ്ല ഉണ്ടാക്കിയിരുന്നു. അദ്ദേഹത്തിന് നമ്മുടെ വീട്ടിൽ ഇഡ്ഡലി സാമ്പാറും കാപ്പിയും ഇഷ്ടമായിരുന്നു. അതിനാൽ, വീട്ടിൽ ഇവ ഉണ്ടാക്കുമ്പോഴെല്ലാം ഞങ്ങൾ അദ്ദേഹത്തെ ആഴത്തിൽ മിസ്സ് ചെയ്യുന്നു. അദ്ദേഹത്തെ നമ്മുടെ ഹൃദയത്തിലും ഓർമകളിലും ജീവനോടെ നിലനിർത്തുന്നത് പ്രധാനമാണ്. ഞങ്ങൾ ഒരുമിച്ച് ധാരാളം വീഡിയോകളുണ്ട്, അവ കാണുമ്പോൾ കരച്ചിൽ വരും." അവർ പറഞ്ഞു.

തങ്ങൾക്കിടയിലുണ്ടായിരുന്നത് കാലത്തെ അതിജീവിച്ച ഉറച്ച ആത്മബന്ധമായിരുന്നു എന്ന് ഹേമ മാലിനി വിവരിക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച ശൂന്യത ഒരിക്കലും നികത്താനാവാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Hema Malini shares intimate details about Dharmendra`s final days, family`s hope, and their lifelong bond. A tribute to their enduring love and strength.