ഒരിക്കൽ കൂടുതൽ പ്രതിഫലം പറ്റിയ നടിയെന്ന വാദം തള്ളി ഹേമമാലിനി; ഭിക്ഷ പോലെയാണ് തന്നിരുന്നത്

ഒരുകാലത്ത് ബോളിവൂഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന നടിയാണ് ഹേമമാലിനി എന്നാണ് പറയപ്പെടുന്നത്. എന്നാൽ ആ വാദങ്ങൾ നിഷേധിക്കുകയാണ് അവർ. അന്നത്തെ കാലത്തു നടിമാർക്ക് അത്ര വലിയ പ്രതിഫലം ഒന്നും ലഭിച്ചിരുന്നില്ലെന്നും നിർമാതാക്കൾ കവറിലിട്ടു നൽകുന്ന തുക പ്രതിഫലമായി സ്വീകരിക്കുകയല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു എന്നും അവർ പറയുന്നു. താൻ ഒരിക്കലും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നില്ല. അത്തരം അവകാശ വാദങ്ങൾക്ക് യാതൊരു അർഥവുമില്ല.
ഹേമമാലിനി അവസാനമായി അഭിനയിച്ചത് 2020 ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ്. ഹിന്ദി റഷ് എന്ന പോഡ്കാസ്റ്റ് ഇന്റർവ്യൂവിൽ ആണ് അവർ പഴയകാലത്തെ പ്രതിഫലത്തെ പറ്റി പറഞ്ഞത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയെന്ന വിശേഷണം ചൂണ്ടിക്കാട്ടിയപ്പോൾ ഹേമ മാലിനി അത് ശക്തമായി നിഷേധിച്ചു.
"ഇല്ല, ഒരിക്കലുമില്ല. അത് ആരാണ് പറഞ്ഞത്? അന്ന് ഞങ്ങൾക്ക് വളരെ ചെറിയ തുകയാണ് ലഭിച്ചിരുന്നത്. അത്രയൊന്നും അവർ തന്നിരുന്നില്ല. സംവിധായകരും നിർമാതാക്കളും എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ഞാൻ ഒരിക്കലും പണത്തിന് വേണ്ടിയല്ല ജോലി ചെയ്തത്. പ്രശസ്തി കൂടുന്നതിനനുസരിച്ച് പ്രതിഫലം കുറച്ച് കൂട്ടുമായിരുന്നു, അത്ര മാത്രം. ഇന്നത്തെ താരങ്ങൾക്ക് ലഭിക്കുന്നതുപോലുള്ള വമ്പൻ പ്രതിഫലം എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. അതിന്റെ ഒരു ചെറിയ പങ്കുപോലും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല."
അന്ന് തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അമ്മയായിരുന്നെന്നും നിർമാതാക്കളോടു അവർ വളരെ ഉദാരമതിയായിരുന്നുവെന്നും ഹേമമാലിനി പറഞ്ഞു. ഒരു ചെറിയ കവറിൽ എന്ത് തുക തന്നാലും ഭിക്ഷ സ്വീകരിക്കുന്നത് പോലെ അത് ഞങ്ങൾ വാങ്ങിയിരുന്നു.
പക്ഷേ അന്നു അഭിനയിച്ച സിനിമകളിലൂടെ നേടിയ അംഗീകാരവും സ്‌നേഹവും, യഥാർഥത്തിൽ കിട്ടിയ പണത്തേക്കാൾ വിലപ്പെട്ടതാണ്. അതിനു വേറൊരു മൂല്യമുണ്ട്. ഒരു നിർമാതാവിന് നൽകാൻ കഴിയുന്നത്ര പ്രതിഫലം ലഭിച്ചാൽ അത് മതിയെന്നായിരുന്നു ഞങ്ങളുടെ നിലപാട്. 'ഇത്ര തുക തന്നാലേ ഞാൻ ഈ സിനിമ ചെയ്യൂ, അല്ലെങ്കിൽ ചെയ്യില്ല' എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അവർ കൂട്ടിച്ചേർത്തു.
1968 ൽ പുറത്തിറങ്ങിയ സപ്‌നോ കാ സൗദാഗർ എന്ന ചിത്രത്തിലൂടെയാണ് ഹേമമാലിനി അഭിനയരംഗത്തിനു അരങ്ങേറ്റം കുറിച്ചത്. 1970 കളിലും 80കളിലും വമ്പൻ വിജയചിത്രങ്ങളിലൂടെ അവർ സൂപ്പർതാര പദവിയിലേക്കുയർന്നു. സീത ഓർ ഗീത, ഷോലെ, ഡ്രീം ഗേൾ, സത്തെ പെ സട്ട, ബാഗ്ബൻ തുടങ്ങിയവ അവയിൽ ചിലതാണ്.
Content Highlights: Legendary actress Hema Malini has firmly denied reports that she was the highest-paid actress in Bollywood during her prime, explaining that she and other actresses of that era accepted modest payments from producers without negotiation.