ഇഴകീറിയുള്ള പരിശോധനയിൽ വിവരാവകാശനിയമത്തിൻ്റെ പത്താംവകുപ്പ് തുണയായി; ചരിത്രത്തിലേക്ക് വഴിതുറന്ന വിധി

ഡോ. എ. അബ്ദുൾ ഹക്കീം, ജസ്റ്റിസ് ഹേമ, എ.കെ.ബാലൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ (ഫയൽചിത്രം) | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ഡോ. എ. അബ്ദുൾ ഹക്കീം, ജസ്റ്റിസ് ഹേമ, എ.കെ.ബാലൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ (ഫയൽചിത്രം) | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തിരുവനന്തപുരം: റിപ്പോർട്ട് വെളിച്ചത്തുവരാതിരിക്കാനുള്ള സംഘടിതശ്രമങ്ങളെ ചെറുത്ത്, വിവരം പുറംലോകത്തെത്തിച്ചത് സംസ്ഥാന വിവരാവകാശകമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീമിന്റെ ചരിത്രവിധി. മുൻഗാമിയെക്കൂടി മറികടന്നാണ് വിവരാവകാശനിയമത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച് ജൂലായ് അഞ്ചിന് അബ്ദുൾ ഹക്കീമിന്റെ വിധി.

2019 ഡിസംബർ 31-നാണ് ഹേമ കമ്മിറ്റി സർക്കാരിന്‌ റിപ്പോർട്ടുനൽകിയത്. 11-ാമത്തെ ദിവസം റിപ്പോർട്ടിന്റെ ഉള്ളടക്കംതേടി വിവരാവകാശനിയമമനുസരിച്ച് മാധ്യമപ്രവർത്തകന്റെ അപേക്ഷയെത്തി. സാംസ്കാരികവകുപ്പ് പരിശോധനയ്ക്കായി ഒരുമാസം സമയം ചോദിച്ചു. ഫെബ്രുവരി 11-ന് ഈ സമയം തീരാനിരിക്കേ, അഞ്ചിന് നിയമസഭയിൽ ചോദ്യംവന്നു. ഇതോടെ, നിയമസഭയിലെ മറുപടിക്കുശേഷമേ, റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുനൽകാവൂവെന്ന സ്ഥിതിയായി. ഇതിനിടെ, ഫെബ്രുവരി 19-ന് റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ സർക്കാരിനു കത്തുനൽകി. ഇതും സർക്കാരിന്റെ നിലപാടും പരിഗണിച്ച് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ മുഖ്യവിവരാവകാശകമ്മിഷണർ വിൻസൺ എം. പോൾ തള്ളി.

പിന്നീട്, മറ്റൊരാളുടെ അപേക്ഷയാണ് അബ്ദുൾഹക്കീമിന്റെ പരിഗണനയിൽ വന്നത്. കമ്മിഷൻ മുൻപ്‌ തള്ളിയതിന് സമാനമായ അപേക്ഷയാണെന്ന നിയമപ്രശ്നം മുന്നിലുണ്ടായിട്ടും ഇഴകീറിയുള്ള പരിശോധനയിൽ വിവരാവകാശനിയമത്തിന്റെ പത്താംവകുപ്പ് അദ്ദേഹത്തിന് തുണയായി. ‌ഇതുപ്രകാരം സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് നൽകാൻ അദ്ദേഹം ഉത്തരവിട്ടു. മൂന്നുതവണ വിളിപ്പിച്ചിട്ടും സാംസ്കാരികസെക്രട്ടറി വിസമ്മതിച്ചപ്പോൾ റിപ്പോർട്ടുകിട്ടാൻ അന്ത്യശാസനം നൽകേണ്ടിവന്നു. ജൂലായ് അഞ്ചിന്റെ ഉത്തരവ് രണ്ടുവട്ടം ചോദ്യംചെയ്യപ്പെട്ടപ്പോൾ ഹൈക്കോടതി ശരിവെച്ചതും സ്വകാര്യത സംരക്ഷിച്ചുള്ള അബ്ദുൾ ഹക്കീമിന്റെ വിധിയായിരുന്നു.

പത്രപ്രവർത്തകനായി ജീവിതം തുടങ്ങി, ഇൻഫർമേഷൻ ഓഫീസർ, മീഡിയ അക്കാദമി സെക്രട്ടറി, പി.ആർ.ഡി. അഡീഷണൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് വിരമിച്ചശേഷം വിവരാവകാശകമ്മിഷണറായി നിയോഗിക്കപ്പെട്ടയാളാണ് കായംകുളം സ്വദേശിയായ അബ്ദുൾ ഹക്കീം.

Content Highlights: hema committee report information commissioner aa hakkim