റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടില്ല, ഇത് സ്ത്രീകളുടെ വിജയം; ശബ്ദിച്ചത് WCC- നടി രഞ്ജിനി

ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങൾ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു, രഞ്ജിനി | photo: special arrangements, mathrubhumi archives
ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങൾ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു, രഞ്ജിനി | photo: special arrangements, mathrubhumi archives

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് എവിടെയും ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി രഞ്ജിനി. റിപ്പോർട്ടിൻ്റെ ഉള്ളടക്കം മൊഴികൊടുത്ത താൻ അറിഞ്ഞിരുന്നില്ല. സ്വകാര്യതയായിരുന്നു ഇവിടെ വിഷയമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി രഞ്ജിനി സമർപ്പിച്ച ഹർജി അടിയന്തിരമായി പരി​ഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു അഭിപ്രായം. എന്നാൽ, നൽകിയ മൊഴി തനിക്ക് കാണണമായിരുന്നു. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് വായിച്ചിട്ടില്ല. എന്റടർടെയ്ന്മെന്റ് ട്രൈബ്യൂണൽ എന്നൊരു വാക്ക് അതിൽ കണ്ടു. താൻ വർഷങ്ങളായി ഉന്നയിക്കുന്ന ഒരു ആശയമായിരുന്നു ഇത്. ഇക്കാര്യത്തിൽ ഏറെ സന്തോഷവതിയാണ്. സ്ത്രീകളുടെ വിജയമാണിത്.

ഐ.സി.സി (Internal Complaints Committee) മലയാള സിനിമയിൽ പ്രാവർത്തികമാകില്ലെന്ന് നേരത്തെ അഭിപ്രായമുണ്ടായിരുന്നു. അതിലുള്ളത് സിനിമാമേഖലയുമായി ബന്ധമുള്ളവരാണ്. ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് നിന്നും നീതി പ്രതീക്ഷിക്കാനാകില്ല. 

ഹേമാ കമ്മിറ്റി നിലവിൽവന്നത് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി.). കാരണമാണ്. അവർ ശബ്ദിച്ചില്ലായിരുന്നുവെങ്കിൽ ഈ റിപ്പോർട്ട് പുറത്തുവരില്ലായിരുന്നു. അവരിൽ ഒരാളായിട്ടാണ് മൊഴി നൽകിയത്. അങ്ങിനെ ഒരുപാട് പേർ മൊഴി നൽകിയിട്ടുണ്ട്. ഇത് ഒരിക്കലും തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകരുത്. 

വൈകി കോടതിയെ സമീപിച്ചതിനാലാണ് ഹർജി പരി​ഗണിക്കാതെ പോയത്. മൊഴികൊടുത്തവർക്ക് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമായിട്ടില്ല. വനിത കമ്മിഷൻ ഇക്കാര്യത്തിൽ ഇടപെടുമെന്ന് കരുതിയിരുന്നു. എന്നാൽ, അതുണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു. പുറത്തുവിടുന്നതിന് മുമ്പ് റിപ്പോർട്ട് കാണണമെന്നായിരുന്നു രഞ്ജിനിയുടെ നിലപാട്. 
 

Content Highlights: Hema Committe report is a victory for women, actress Ranjini