'ആ നടന്റെ പേര് പുറത്ത് പറയില്ല, ഞാന്‍ കോടികള്‍ വാങ്ങിച്ചുവെന്ന് പ്രചരിപ്പിക്കുന്നവരുണ്ട് ''

.
.

യുവനടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തില്‍ വ്യക്തത വരുത്തി നടി സോണിയ മല്‍ഹാര്‍. വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് സോണിയ ആരോപിച്ചു. സാമ്പത്തികമായി പണം കൈപ്പറ്റി നടന്റെ പേര് മൂടിവയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ തനിക്കെതിരേയുണ്ടെന്നും സ്വന്തം അഭിമാനത്തിന് വിലപറയുന്ന വ്യക്തയല്ല താനെന്നും സോണിയ പറയുന്നു. 

''ഞാന്‍ പ്രത്യേകിച്ച് ആരുടെയും പേര് പറഞ്ഞിട്ടില്ല. മീഡിയ വന്ന് ഓരോരുത്തരുടെയും പേര് ചോദിക്കുമ്പോള്‍ പ്രത്യേക സന്ദര്‍ഭത്തില്‍ അല്ലെന്ന് പറഞ്ഞതാണ്. മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ടി വന്നാല്‍ പറയും. വീട്ടുകാരെക്കൂടെ സമ്മതിപ്പിക്കേണ്ടതുണ്ട്. അവരുടെ കൂടി പിന്തുണവേണം. പേര് പുറത്ത് പറയാതിരിക്കാന്‍ കോടികള്‍ വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എനിക്ക് അതിന്റെ ആവശ്യമില്ല. അഭിമാനത്തിന് വില പറയുന്ന വ്യക്തയല്ല ഞാന്‍.  അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ പേര് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവര്‍ കാര്യങ്ങള്‍ അന്വേഷിക്കട്ടെ. ഞങ്ങള്‍ ഒരു വലിയ ടീമിനെതിരേയാണ് നില്‍ക്കുന്നത്. എന്നാല്‍ ഭീഷണികളൊന്നും എനിക്ക് ഏല്‍ക്കില്ല.  ഇവിടെ നടക്കുന്ന ഒരു വൃത്തിക്കേട് ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്''.- സോണിയ പറഞ്ഞു.  

2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ വെളിപ്പെടുത്തിയിരുന്നു. ഹാസ്യനടന്റെ ഭാഗത്തുനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയതെന്നും സോണിയ പറഞ്ഞു. 

Content Highlights: sonia malhar says she doesn't want to revel actor's name before media, police complaint