'പവിഴമഴയേ...' ഹരിശങ്കർ പാടി, കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ മഴ പെയ്തിറങ്ങി

Photo - Abhilash Chirakkadavu
Photo - Abhilash Chirakkadavu

കൊച്ചി: 'പവിഴമഴയേ...'' മൈക്ക് കയ്യിലെടുത്ത് ഗായകൻ ഹരിശങ്കർ പാടിത്തുടങ്ങി.. ആ വിളി കാത്തിരുന്ന പോലെയാണ് ഇൻഫോപാർക്ക് @20 ഡീകോഡിന്റെ വേദിയിലേക്ക് മഴ പെയ്തിറങ്ങിയത്. ആദ്യം ചാറ്റൽ മഴയായി, പിന്നാലെ പെരുമഴ ഇരച്ചെത്തിയപ്പോഴും ആവേശം ചോരാതെ ഹരിശങ്കർ പാടിക്കൊണ്ടേയിരുന്നു, അതേ ആവേശം ശ്രോതാക്കളിലേക്കും എത്തിയതിന്റെ തെളിവായിരുന്നു ഇരുന്നിരുന്ന കസേര വരെ തലയ്ക്ക് മുകളിൽ പിടിച്ച് ആ പാട്ടുകൾക്കൊത്ത് അവർ താളം ചവിട്ടിയ കാഴ്ച.

കൊച്ചി ഇൻഫോപാർക്കിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഇവന്റ് ഡീകോഡിന്റെ രണ്ടാം ദിനം അവിസ്മരണീയമാക്കിയത് കെ.എസ്. ഹരിശങ്കറും സംഘവുമായിരുന്നു. വൈകീട്ട് ഏഴുമണിയോടെ ആരംഭിച്ച കൺസേർട്ടിൽ ആദ്യ ഗാനമായി ഹരിശങ്കർ തിരഞ്ഞെടുത്തത് അതിരൻ എന്ന ചിത്രത്തിനായി ഹരിശങ്കർ തന്നെ പാടിയ പവിഴമഴയേ എന്ന ഗാനവും.

ആദ്യ വരി പാടിയപ്പോൾ തന്നെ ചാറ്റൽ മഴ പെയ്തിറങ്ങിയത് കാണികൾക്ക് ഒരേ സമയം കൗതുകവും ആവേശവുമായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് ഡീകോഡിന്റെ വേദി കണ്ടത്. ചാറ്റൽമഴ പെരുമഴയായപ്പോഴും ഹരിശങ്കറും സംഘവും പാടിക്കൊണ്ടേയിരുന്നു, കുടകൾക്ക് പുറമേ കാണികളുടെ തലയ്ക്ക് മീതേ കസേരകളുമുയർന്നു.

Photo - Abhilash Chirakkadavu

മൂന്ന് ദിനങ്ങളിലായി ഇൻഫോപാർക്കിന്റെ ഹൃദയം നിറയ സംഗീതം നിറയ്ക്കുകയാണ് ഡീകോഡ്. ആദ്യ ദിനം  ഗായികയും വയലിനിസ്റ്റുമായ രൂപ രേവതിയും ഗായിക നിത്യ മാമ്മനും കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളെയും സംഗീതാസ്വാദകരെയും അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു. മൂന്നാം ദിനം ആൽമരം ബാൻഡും ഡിജെ സിക്‌സ് എയ്റ്റും സംഗീതവിരുന്ന് ഒരുക്കും. പ്രവേശനം സൗജന്യമാണ്.

ജനപ്രിയ ഗായകരും ബാൻഡുകളും അണിനിരക്കുന്ന ഡീകോഡിന്റെ പ്രസന്റിങ് പാർട്ണർ ചുങ്കത്ത് ജ്വല്ലറിയും ബ്രോട്ട് ടു യൂ ബൈ പാർട്ണർ ശീമാട്ടിയും ആണ്. മെഡിമിക്‌സ്, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, മേളം എന്നിവരാണ് പവേർഡ് ബൈ പാർട്ണർമാർ. കോൺഫിഡന്റ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് പാർട്ണറും ഫോർ പോയിന്റ് ബൈ ഷെറാട്ടൺ ഹോസ്പിറ്റാലിറ്റി പാർട്ണറും ആണ്. 

Content Highlights: harishankar decode at kochi