നീം കരോലി ബാബയുടെ മകൾ 'ഹനുമാൻ അംശ്' കണ്ടത് 15 തവണ, ഓരോതവണയും കരഞ്ഞു- അവകാശവാദവുമായി നിർമാതാവ്

#മൂവീസ് ഡെസ്ക്
'ഹനുമാൻ അൻഷ്' സിനിമയുടെ പോസ്റ്റർ, ചിത്രത്തിൽ ശോഭിനവ് സത്യ | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്
'ഹനുമാൻ അൻഷ്' സിനിമയുടെ പോസ്റ്റർ, ചിത്രത്തിൽ ശോഭിനവ് സത്യ | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്

നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച 'ഹനുമാൻ അംശ്' എന്ന ചിത്രം അദ്ദേഹത്തിന്റെ മകൾ, അമ്മ ജി എന്നറിയപ്പെടുന്ന ഗിരിജ ജി 15 തവണ കണ്ടുവെന്ന അവകാശവാദവുമായി നിർമാതാവ് രാഗിണി സോണ. ചിത്രം കണ്ട ഓരോ തവണയും അവർ കണ്ണീരണിഞ്ഞതായും രാഗിണി പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ലഭിച്ച ഏറ്റവും അർഥവത്തായ പ്രതികരണങ്ങളിലൊന്നാണ് ഇതെന്നെും രാഗിണി അഭിപ്രായപ്പെട്ടു.

സിനിമയുടെ റിലീസിന് മുൻപ് സംവിധായകൻ വിശാൽ ചതുർവേദിയും താനും ഗിരിജ ജിയെ ഫോണിൽ ബന്ധപ്പെട്ട് അനുഗ്രഹം തേടിയിരുന്നു. ചിത്രം കാണാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ, ശരിയായ സമയത്ത് കാണുമെന്നായിരുന്നു ഗിരിജ ജിയുടെ മറുപടി. തുടർന്ന് ചിത്രം കണ്ട അവർ 15 തവണയോളം സിനിമ കാണുകയും ഓരോ തവണയും വികാരാധീനയാവുകയും ചെയ്തുവെന്ന് രാഗിണി അവകാശപ്പെട്ടു.

'സംഭാഷണത്തിനിടെ, സിനിമ ചെയ്യാനുണ്ടായ പ്രചോദനത്തെക്കുറിച്ച് ഗിരിജ ജി ചോദിച്ചിരുന്നു. ആറാം വയസ്സിൽ ബാബയെ കണ്ട അനുഭവം ഞാൻ പറഞ്ഞു. ഗവേഷണത്തിൽ ലഭിച്ച വിവരങ്ങൾ വിശാലും പങ്കുവെച്ചു. പിതാവ് നൈനിറ്റാളിൽ ജോലി ചെയ്തിരുന്ന കാര്യം പരാമർശിച്ചപ്പോൾ, അദ്ദേഹത്തിന്റെ പേരും ആഗ്രയിലെ വീടിന്റെ കൃത്യമായ സ്ഥലവും ഗിരിജ ജി അപ്പോൾത്തന്നെ പറഞ്ഞു. എന്റെ സഹോദരന്റെ പേര് പറഞ്ഞ അവർ, അരനൂറ്റാണ്ട് മുൻപത്തെ കാര്യങ്ങൾ തന്റെ കണ്ണുമുന്നിൽ തെളിഞ്ഞുനിൽക്കുന്നതായും പറഞ്ഞു. ഇത് എനിക്ക് വലിയ വൈകാരിക അനുഭവമായിരുന്നു', രാഗിണി അവകാശപ്പെട്ടു.

റിലീസിന് മുൻപ് ബാബയുടെ മകൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയില്ലായിരുന്നു. പിന്നീട് നേരിട്ട് കണ്ടപ്പോൾ ബാബയുടെ അതേ പ്രഭാവവും ശൈലിയുമാണ് അവരിൽ അനുഭവപ്പെട്ടത്. ബാബയെത്തന്നെ നേരിട്ട് കണ്ടതുപോലെ തോന്നിയെന്നും രാഗിണി കൂട്ടിച്ചേർത്തു.

വിശാൽ ചതുർവേദി സംവിധാനം ചെയ്ത 'ഹനുമാൻ അംശ്' ബോക്‌സ് ഓഫീസിൽ വൻമുന്നേറ്റം നടത്തുകയാണ്. ആഗോളതലത്തിൽ 347.05 കോടി രൂപയിലധികം കളക്ഷൻ നേടിയതായി ട്രേഡ് വെബ്സൈറ്റായ സാക്‌നിൽക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Producer Ragini Sona claimed Neem Karoli Baba's daughter, Girija Ji (Amma Ji), watched the film 'Hanuman Ansh' 15 times and got emotional each time. Before the movie's release, director Vishal Chaturvedi and Ragini Sona sought blessings from Girija Ji via phone. Ragini Sona shared a personal experience where Girija Ji accurately recalled details about her family and childhood memories from half a century ago. The producer expressed that meeting Girija Ji felt as though she was experiencing Neem Karoli Baba's presence directly. Directed by Vishal Chaturvedi, 'Hanuman Ansh' is achieving major box office success, crossing Rs 347.05 crore globally according to Sacnilk.