രണ്ട് കോടിയെറിഞ്ഞ് നാലാഴ്ച കൊണ്ട് 18 കോടി വാരി, ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ഹിന്ദി ചിത്രം

ബോളിവുഡിനെ ഞെട്ടിച്ച് രണ്ടു കോടിയിൽ നിർമിച്ച കൊച്ചു ചിത്രം. ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ 'ഹനുമാൻ അംശ്' എന്ന ചിത്രം നാലാഴ്ച പിന്നിടുമ്പോൾ 900 ശതമാനത്തിലേറെ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, വിരാട് കോലി എന്നിവരെ സ്വാധീനിച്ചുവെന്ന് പറയപ്പെടുന്ന നീം കരോലി ബാബ എന്ന സന്യാസിയുടെ ജീവിതത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട കഥയാണ് ചിത്രം പറയുന്നത്.
വലിയ കൊലാഹലങ്ങളൊന്നുമില്ലാതെ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ രണ്ടാഴ്ചയിൽ ലഭിച്ചത് 1.48 കോടി രൂപ മാത്രമായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ പുറത്തുവന്നതോടെ മൂന്നാം വാരം മുതൽ തിയേറ്ററുകളിൽ ചിത്രം കാണാൻ ആളുകൾ ഒഴുകിയെത്തി.
ആദ്യദിനം 10 ലക്ഷം രൂപ മാത്രമാണ് ചിത്രം നേടിയത്. എന്നാൽ 17-ാം ദിവസം കളക്ഷനിൽ 65% വർധനവുണ്ടായി 2.20 കോടി രൂപ സ്വന്തമാക്കി. തുടർന്ന് മൂന്നാം വാരത്തിൽ ആകെ 10.40 കോടി രൂപ നേടാൻ ചിത്രത്തിന് കഴിഞ്ഞു. റിലീസ് ചെയ്ത് 22-ാം ദിവസം ഒറ്റ ദിവസം കൊണ്ട് 6.25 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 18.13 കോടി രൂപയായി ഉയർന്നു. വെറും രണ്ട് കോടി രൂപ നിർമാണച്ചെലവുള്ള ചിത്രം ഇതോടെ 900 ശതമാനത്തിലധികം ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിശാൽ ചതുർവേദി എഴുതി സംവിധാനം ചെയ്ത ചിത്രം 'മഹാരാജ്-ജി' എന്ന് അറിയപ്പെടുന്ന നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ശോഭിനവ് സത്യയാണ് ചിത്രത്തിൽ നീം കരോലി ബാബയെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിൽ പിന്തുടർന്ന കർശന നിഷ്ഠകളെക്കുറിച്ച് സംവിധായകൻ വിശാൽ ചതുർവേദി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'സെറ്റിൽ ആരും ചീത്തവാക്കുകൾ പറയുകയോ തർക്കിക്കുകയോ ചെയ്യരുത്. സസ്യാഹാരം മാത്രമേ അനുവദിക്കൂ എന്നൊക്കെയുള്ള നിബന്ധനകളുണ്ടായിരുന്നു. മദ്യപാനം പൂർണമായും നിരോധിച്ചു. ദിവസവും ഹനുമാൻ ചാലിസ ചൊല്ലിയാണ് ഷൂട്ടിങ് തുടങ്ങിയതും അവസാനിപ്പിച്ചതും', വിശാൽ പറഞ്ഞു. യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് അനുവദിച്ചത്.
Content Highlights: Low-budget Hindi movie 'Hanuman Ansh', made on a budget of just 2 crore rupees, has created a major ripple at the box office by collecting over 18.13 crore rupees. The film tells the life story of the revered saint Neem Karoli Baba, who famously influenced global icons like Steve Jobs, Mark Zuckerberg, and Virat Kohli. Despite a slow start with only 10 lakh rupees on opening day and 1.48 crore in the first two weeks, massive positive word-of-mouth on social media triggered a huge surge in audience footfall from the third week onwards. Directed by Vishal Chaturvedi and starring Shobhinav Satya as Neem Karoli Baba, the film achieved a phenomenal profit margin of over 900 percent. The director revealed strict onset discipline during filming, including mandatory vegetarianism, a complete ban on alcohol, no profanity, and daily recitations of the Hanuman Chalisa.