200 കോടി കളക്ഷൻ പിന്നിട്ട് 'ഹനുമാൻ അൻഷ്', ഒരു റെക്കോർഡും; 2കോടി ബജറ്റിൽ ഒരുക്കിയ കൊച്ചുചിത്രത്തിന്റെ വൻവിജയം

#മൂവി ഡെസ്ക്
'ഹനുമാൻ അൻഷ്' സിനിമയുടെ പോസ്റ്റർ, ചിത്രത്തിൽ ശോഭിനവ് സത്യ | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്
'ഹനുമാൻ അൻഷ്' സിനിമയുടെ പോസ്റ്റർ, ചിത്രത്തിൽ ശോഭിനവ് സത്യ | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്

ന്ത്യൻ സിനിമാ ചരിത്രത്തിൽ അപൂർവ്വമായ നേട്ടം കൈവരിച്ച് വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച 'ഹനുമാൻ അൻഷ്' (Hanuman Ansh). ചിത്രം ബോക്സ് ഓഫീസിൽ 200 കോടി രൂപ കളക്ഷൻ പിന്നിട്ടു. ആത്മീയ ഗുരുവായ നീം കരോലി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം കേവലം 2 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. കുറഞ്ഞ ബജറ്റിൽ നിർമിച്ച് 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ഇതോടെ ഈ ചിത്രത്തിന് സ്വന്തമായി.

പ്രദർശനത്തിനെത്തിയ ആദ്യ ദിനങ്ങളിൽ വളരെ കുറഞ്ഞ വരുമാനം മാത്രമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ദിനം 10 ലക്ഷം രൂപ മാത്രം നേടിയ ചിത്രം ആദ്യ രണ്ടാഴ്ചകൊണ്ട് 1.48 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. എന്നാൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ പ്രചരിച്ചതോടെ 16-ാം ദിവസം മുതൽ തിയേറ്ററുകളിൽ വലിയ മുന്നേറ്റം ദൃശ്യമായി. നാലാം ആഴ്ചയിൽ 61 കോടി രൂപയും അഞ്ചാം ആഴ്ചയിൽ 90 കോടി രൂപയും ചിത്രം സമാഹരിച്ചു.

Also Read: പഠനത്തിന്റെ ഭാഗമായ അസൈൻമെന്റ് ബ്ലോക്ക്ബസ്റ്റർ ചിത്രമായപ്പോൾ, ആരാണ് ഹനുമാൻ അൻഷ് നിർമിച്ച 21കാരി?

തിയേറ്ററുകളിലെത്തി 36-ാം ദിവസം 10.50 കോടി രൂപ നേടി ചിത്രം ആഭ്യന്തര വരുമാനം 174 കോടി രൂപയിലെത്തിച്ചു. വിദേശ രാജ്യങ്ങളിൽ ഇതുവരെ റിലീസ് ചെയ്യാത്തതിനാൽ ചിത്രത്തിന്റെ ആഗോള വരുമാനവും നിലവിൽ 205 കോടി രൂപ തന്നെയാണ്. 15 കോടി ബജറ്റിൽ നിർമിച്ച് വിജയിച്ച 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് 'ഹനുമാൻ അൻഷ്' മറികടന്നത്.

റിലീസ് ചെയ്ത് ആറാം ആഴ്ചയിലും മികച്ച കളക്ഷൻ നേടി ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഈ ചിത്രത്തിന് സാധിച്ചു. വെള്ളിയാഴ്ചയിലെ കളക്ഷനിൽ പ്രമുഖ പുതിയ റിലീസുകളായ 'മിർസാപൂർ: ദി മൂവി' (9.50 കോടി രൂപ), സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത 'ഹൈവാൻ' (3 കോടി രൂപ) എന്നിവയേയും 'ഹനുമാൻ അൻഷ്' പിന്നിലാക്കി.
 

അമ്മയുടെ വേർപാടിന് ശേഷം ദൈവത്തെയും ജീവിത തത്ത്വങ്ങളെയും തേടി ഉത്തരേന്ത്യയിലുടനീളം യാത്ര ചെയ്യുകയും പിന്നീട് നീം കരോലി ബാബയായി മാറുകയും ചെയ്യുന്ന ലക്ഷ്മീനാരായണൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശോഭിനവ് സത്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഹാൻ ഷെഡ്ഗെ, ചന്ദൻ കെ. ആനന്ദ്, പൂർണിമ തിവാരി, അനിൽ രാസ്തോഗി, ഗുൽഷൻ പാണ്ഡെ, ഭഗവാൻദാസ് പട്ടേൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlights: Devotional film Hanuman Ansh, made on a modest budget of ₹2 crore and based on the life of Neem Karoli Baba, has scripted history by crossing ₹200 crore at the box office through extraordinary word-of-mouth momentum.