‘ജനനായക’ന് എന്ത് സംഭവിച്ചെന്ന് പറയാൻ ധൈര്യമില്ല, വരുമ്പോൾ കാണാം -എച്ച്. വിനോദ്

തമിഴ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജനനായകൻ'. തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ വിജയ് നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സംവിധായകൻ എച്ച്. വിനോദ് നടത്തിയ ചില പരാമർശങ്ങൾ ആരാധകർക്കിടയിൽ കൂടുതൽ ദുരൂഹതയുണർത്തിയിരിക്കുകയാണ്.
സംവിധായകൻ പാണ്ഡിരാജിന്റെ 'പരിമള ആൻഡ് കോ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് വിനോദ് ജനനായകനെക്കുറിച്ച് പ്രതികരിച്ചത്. 'ജനനായകൻ' എപ്പോൾ പുറത്തിറങ്ങും എന്ന ചോദ്യത്തിന്, സത്യം വെളിപ്പെടുത്താൻ തനിക്ക് ധൈര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. "സത്യം പറയാനുള്ള ധൈര്യം എനിക്കില്ല, അഥവാ ഞാനത് പറഞ്ഞാൽപോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങൾക്കുമുണ്ടാകില്ല" എന്നാണ് എച്ച്. വിനോദ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് മാസമായി സെൻസർ ബോർഡിന്റെ (CBFC) അനുമതിക്കായി കാത്തിരിക്കുകയാണ് ഈ ചിത്രം. ജനുവരിയിൽ പൊങ്കൽ റിലീസ് ആയി നിശ്ചയിച്ചിരുന്ന സിനിമ, അവസാന നിമിഷം സെൻസറിങ്ങുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കാരണമാണ് മാറ്റിവെച്ചത്. എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരു അംഗത്തിന്റെ എതിർപ്പിനെത്തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതാണ് റിലീസ് ഇത്രയും വൈകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചിത്രത്തിന്റെ നിർമാതാവായ കെ.വി.എൻ പ്രൊഡക്ഷൻസിലെ വെങ്കട്ട് കെ. നാരായണ ഈ വിഷയത്തിൽ നിയമസഹായം തേടിയെങ്കിലും പ്രശ്നത്തിന് ഇതുവരെ പൂർണമായ പരിഹാരമായിട്ടില്ല. ഇതിനിടയിൽ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഇന്റർനെറ്റിൽ ചോർന്നത് അണിയറ പ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ സിനിമകൾ തടഞ്ഞുവെക്കില്ലെന്ന് തമിഴ്നാട് മന്ത്രി രാജ്മോഹൻ അറുമുഖം വ്യക്തമാക്കിയെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ ചിത്രം പുറത്തിറക്കാൻ സാധിക്കില്ല.
വിജയ്യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം കൂടിയായ 'ജനനായകൻ' അദ്ദേഹത്തിന്റെ 52-ാം ജന്മദിനമായ ജൂൺ 22-ന് റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമാണ്. ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമുകൾ ജൂൺ 19-ന് ചിത്രം റിലീസ് ചെയ്തേക്കാമെന്ന സൂചനകൾ നൽകുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ പൊളിറ്റിക്കൽ ത്രില്ലറിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Content Highlights: Breaking his long silence on one of the biggest mysteries in contemporary Tamil cinema, director H. Vinoth dropped a massive bombshell regarding the indefinite delay of his highly anticipated political action drama, Jana Nayagan. Speaking with a heavy dose of irony and seriousness, the director admitted he lacks the "courage" to expose the real reasons behind the movie's theatrical block.