ബോളിവുഡിൽ ആരും നിങ്ങളെ സഹായിക്കില്ല, രാജ്പാലിന്റെ അനുഭവം ഞാൻ കണ്ടതാണ് - ഗോവിന്ദ് നാംദേവ്

നടൻ രാജ്പാൽ യാദവിനുണ്ടായതു പോലുള്ള സാഹചര്യങ്ങളിൽ ബോളിവുഡിൽ ആരും നിങ്ങൾക്കൊപ്പം നിൽക്കില്ലെന്ന് നടൻ ഗോവിന്ദ് നാംദേവ്. ദി ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്തരം സംഭവങ്ങളുണ്ടാവുന്നുണ്ട്, ഇനിയും തുടരും. ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽപ്പോലും നിങ്ങളെ പിന്തുണയ്ക്കാൻ ആരും മുന്നോട്ടുവരില്ല. സഹായിക്കുകയെന്ന മൂല്യങ്ങളില്ലാത്തവർ നിങ്ങളെ സഹായിക്കില്ല. ഒരുപക്ഷേ, ഈ മേഖലയിലെ അന്തരീക്ഷം തന്നെയാവാം ആളുകളെ അത്തരത്തിലാക്കി മാറ്റുന്നത്. ഇത് വളരെ നിർഭാഗ്യകരമാണ് - അദ്ദേഹം പറയുന്നു.
രാജ്പാലിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്നതിന് താൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി അദ്ദേഹം ഒരു കഠിനഘട്ടത്തിൽ അകപ്പെടുകയായിരുന്നു. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഭാവിജീവിതം മെച്ചപ്പെടുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഗോവിന്ദ് നാംദേവ് കൂട്ടിച്ചേർത്തു.
വില്ലൻ വേഷങ്ങളിലും സ്വഭാവനടനായും ശ്രദ്ധിക്കപ്പെട്ട നടനാണ് ഗോവിന്ദ് നാംദേവ്. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിങ്കം റിട്ടേൺസ്, വാണ്ടഡ്, പുക്കാർ പോലുള്ള ചിത്രങ്ങളിലുമുണ്ട്.
2010-ലെ ഒരു ചെക്ക് ബൗൺസ് കേസുമായി ബന്ധപ്പെട്ട നിയമനടപടി നേരിടുകയാണ് രാജ്പാൽ യാദവ്. 'അതാ പതാ ലാപ്പതാ' എന്ന തന്റെ സിനിമാ സംരംഭത്തിനായി രാജ്പാലും ഭാര്യയും കൂടി ഒരു കമ്പനിയിൽനിന്ന് ഏകദേശം അഞ്ച് കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടയ്ക്കാൻ ഇവർക്ക് സാധിച്ചില്ല.
തിരിച്ചടവിനായി നൽകിയ പല ചെക്കുകളും മടങ്ങിയതിനെത്തുടർന്ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. വർഷങ്ങൾ പിന്നിട്ടപ്പോൾ പലിശയും പിഴയും ചേർന്ന് കുടിശ്ശിക തുക ഏകദേശം ഒമ്പത് കോടി രൂപയോളമെത്തി. എന്നാൽ ഡൽഹി ഹൈക്കോടതി നൽകിയ കാലാവധികൾ പലത് കഴിഞ്ഞിട്ടും ഈ തുക തിരിച്ചടയ്ക്കാൻ രാജ്പാലിന് സാധിച്ചില്ല. ഒടുവിൽ ഇനിയും സമയം നൽകാൻ കോടതി വിസമ്മതിച്ചതോടെ നടന് ആറുമാസത്തെ തടവുശിക്ഷയ്ക്കായി തീഹാർ ജയിലിൽ കീഴടങ്ങേണ്ടി വരികയായിരുന്നു. പണം തിരിച്ചടയ്ക്കാമെന്ന് നടന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിനായുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.
Content Highlights: "No one stands by you in Bollywood": Govind Namdev opens up on Rajpal Yadav’s jail sentence.