നടി ഗൗതമിയുടെ സ്വത്ത് കേസ്: ചെന്നൈയിലും മധുരയിലും ഇ.ഡി. റെയ്ഡ്

#സ്വന്തം ലേഖകൻ
ഗൗതമി | photo: pti
ഗൗതമി | photo: pti

ചെന്നൈ: നടിയും അണ്ണാ ഡി.എം.കെ. പ്രചാരണവിഭാഗം മുൻ ഡെപ്യൂട്ടി സെക്രട്ടറിയുമായ ഗൗതമി നൽകിയ സ്വത്തുതട്ടിപ്പു പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബുധനാഴ്ച ചെന്നൈയിലെയും മധുരയിലെയും വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട സാമ്പത്തികക്രമക്കേടുകളെയും പണമിടപാടുകളെയും കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്.

റിയൽ എസ്റ്റേറ്റ് വ്യവസായിയായ അളഗപ്പൻ എന്നയാളും കുടുംബാംഗങ്ങളും തന്റെ സ്വത്തുക്കളുടെ നിയന്ത്രണം തട്ടിപ്പിലൂടെ കൈയടക്കിയെന്നും അതിനാൽ തന്റെ സ്ഥാവരസ്വത്തുക്കൾ കൈകാര്യംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്നും 2023-ലാണ് ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. 2004-ൽ താൻ അർബുദചികിത്സയിലായിരുന്നപ്പോൾ ശ്രീപെരുംപുദൂരിലെ സ്വത്തുക്കൾ വിൽക്കാൻ ശ്രമിച്ചപ്പോൾ തട്ടിയെടുത്തെന്ന മറ്റൊരു പരാതിയും ഗൗതമി നൽകിയിരുന്നു. കേസിൽ അളഗപ്പനും ഭാര്യയും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

Content Highlights: ED conducts raids in Chennai and Madurai linked to actress Gautami's property fraud complaint. The case involves allegations against real estate businessman Alagappan and his family. Gautami reported the fraudulent takeover of her assets while she was undergoing cancer treatment in 2004. Four individuals including Alagappan and his wife have been arrested by Chennai police