'ഗെയിം ഓഫ് ത്രോൺസ്' താരം ഡാരൻ കെന്റ് അന്തരിച്ചു

ഡാരൻ കെന്റ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, www.facebook.com/profile.php?id=100081959267808
ഡാരൻ കെന്റ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, www.facebook.com/profile.php?id=100081959267808

പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് അന്തരിച്ചു. 36 വയസ്സായിരുന്നു. ​ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസിലെ ഇടയവേഷത്തിലൂടെ ലോകപ്രശസ്തിയിലേക്കുയർന്ന നടനാണ് ഡാരൻ. മരണവിവരം അദ്ദേഹത്തിന്റെ ടാലന്റ് ഏജൻസിയായ കെയറി ഡോഡ് അസോസിയേറ്റ്സ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. അതേസമയം മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

ഞങ്ങളുടെ പ്രിയ സുഹൃത്തും ഉപഭോക്താവുമായ ഡാരൻ കെന്റ് വെള്ളിയാഴ്ച അന്തരിച്ചുവെന്നത് അത്യധികം സങ്കടത്തോടെ അറിയിക്കുകയാണ്. മരണസമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തും അരികിലുണ്ടായിരുന്നു. ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ ചിന്തകളും സ്നേഹവും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു എന്നാണ് ടാലന്റ് ഏജൻസി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്.

ഇം​ഗ്ലണ്ടിലെ എസെക്സിലാണ് ഡാരൻ കെന്റ് ജനിച്ചതും വളർന്നതും. 2008-ൽ പുറത്തിറങ്ങിയ മിറേഴ്സ് ആണ് ഡാരനെ ബി​ഗ് സ്ക്രീനിൽ ശ്രദ്ധേയനാക്കിയത്. ഇതിനു പിന്നാലെയാണ് അദ്ദേഹം ​ഗെയിം ഓഫ് ത്രോൺസിൽ വേഷമിടുന്നത്. ഈയിടെ പുറത്തിറങ്ങിയ ഡങ്കൻസ് ആൻഡ് ഡ്രാ​ഗൺസ്: ഓണർ എമങ് തീവ്സ് എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു.

സ്‌നോ വൈറ്റ് ആൻഡ് ദി ഹണ്ട്‌സ്‌മാൻ, മാർഷൽസ് ലോ, ബ്ലഡി കട്ട്‌സ്, ദി ഫ്രാങ്കെൻസ്റ്റൈൻ ക്രോണിക്കിൾസ്, ബ്ലഡ് ഡ്രൈവ്, ലെസ് മിസറബിൾസ്, ഗ്രീൻ ഫിംഗേഴ്സ്, ഈസ്റ്റ് എൻഡേഴ്സ്, ഹാപ്പി അവേഴ്‌സ്, ലവ് വിത്തൗട്ട് വാൾസ്, ബേർഡ് സോറോ എന്നിവയാണ് അദ്ദേഹം വേഷമിട്ട മറ്റുചില സിനിമകൾ.

സംവിധായകനെന്ന നിലയിലും ഡാരൻ കെന്റ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2021-ൽ അ​ദ്ദേഹമൊരുക്കിയ യു നോ മീ എന്ന ചിത്രത്തിലൂടെ ജനുവരി പുരസ്കാരവും കെന്റിനെ തേടിയെത്തിയിരുന്നു.

Content Highlights: game of thrones actor darren kent passed away, darren kent movies