എൻ.എഫ്.ഡി.സി- സോണി പിക്ചേഴ്സ് ധാരണാപത്രം: മലയാളത്തെ തഴഞ്ഞോ?; മറുപടിയുമായി കൃഷ്ണകുമാർ | EXCLUSIVE

പനജി: നവാഗതർക്ക് അവസരമൊരുക്കാൻ ലക്ഷ്യമിട്ട് സോണി പിക്ചേഴ്സുമായി എൻ.എഫ്.ഡി.സി. ഒപ്പിട്ട ധാരണാപത്രത്തിൽ മലയാളത്തെ തഴഞ്ഞെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചെയർമാൻ ജി. കൃഷ്ണകുമാർ.
ഇന്ത്യയിലെ ചലച്ചിത്ര മേഖലയിൽ മലയാളത്തെ മാറ്റിനിർത്തി മുന്നോട്ട് പോകാനാകില്ലെന്നും അങ്ങനെ ചെയ്താൽ അതിന്റെ നഷ്ടം തങ്ങൾക്കു തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധാരണാപത്രത്തിൽ മലയാളത്തെ ഉൾപ്പെടുത്തിയില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മലയാളത്തെ ഒഴിവാക്കില്ല'; തുടക്കം മാത്രമെന്ന് വിശദീകരണം
വിമർശനങ്ങളെ പൂർണമായി തള്ളിക്കളയുന്നില്ലെന്നും ശരിയായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ, ഏതൊരു കാര്യത്തിലും കുറ്റങ്ങൾ മാത്രം തിരയുന്ന ഒരു വിഭാഗമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്നര മാസത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് സോണിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സോണി മാത്രമല്ല ഇന്ത്യയിലെ മറ്റ് പ്രധാന ചാനലുകളുമായും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുമായും ചർച്ചകൾ നടത്തി പുതുതലമുറയ്ക്ക് അവസരങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത്. ഒരു സംരംഭം തുടങ്ങുമ്പോൾ ആദ്യഘട്ടത്തിൽ ലഭിക്കുന്ന സാധ്യതകളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
തമിഴിൽ ഒരു ചാനൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സോണിയുമായി സംസാരിച്ചപ്പോഴാണ് മികച്ച കഥകളും തിരക്കഥകളും സിനിമകളായോ വെബ്സീരീസുകളായോ മാറ്റുന്നതിനുള്ള സഹകരണത്തിലേക്ക് എത്തിയത്. ഇതിനായി ഉള്ളടക്കം തിരഞ്ഞെടുക്കുന്നതും ഏകോപിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ എൻ.എഫ്.ഡി.സിയും സോണിയും ചേർന്ന് പ്രവർത്തിക്കും.
പദ്ധതി വളരുന്നതിനനുസരിച്ച് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഭാഷകളിലേക്കും ഇത് വ്യാപിപ്പിക്കും. ഇന്ത്യയിൽ സിനിമ ഏറ്റവും സജീവമായി മുന്നേറുന്നത് ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച് മലയാളത്തിലുമാണ്. അതുകൊണ്ടുതന്നെ മലയാളത്തെ ഒഴിവാക്കി ഇന്ത്യയിൽ സിനിമ ചെയ്യാൻ കഴിയില്ലെന്നും ഒഴിവാക്കിയാൽ നഷ്ടമുണ്ടാകുന്നത് എൻ.എഫ്.ഡി.സിക്കും സോണിക്കും തന്നെയാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
ALSO READ | മികച്ച ആശയങ്ങളുണ്ടോ?; സോണി പിക്ചേഴ്സിന് മുന്നിൽ അവതരിപ്പിക്കാം, കൈകോർത്ത് എൻ.എഫ്.ഡി.സി.
ഫിലിം ബസാർ: അവസരം ചോദിക്കാൻ മടിക്കരുത്
യുവഎഴുത്തുകാർക്കും സംവിധായകർക്കും ഛായാഗ്രാഹകർക്കും നിക്ഷേപകരെയും നിർമാതാക്കളെയും നേരിട്ട് കാണാനും അവസരങ്ങൾ തേടാനുമുള്ള വേദിയാണ് ഫിലിം ബസാർ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
'ചോദിക്കുന്നത് ഒരു ശീലമാക്കുക' എന്ന ആശയം യുവതലമുറ സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തങ്ങളുടെ കഴിവുകളും ആശയങ്ങളും വ്യക്തമായി അവതരിപ്പിക്കാനും പിന്തുണ തേടാനും മടിക്കരുത്. അവസരം ചോദിക്കുന്നത് കടം ചോദിക്കുന്നതല്ലെന്നും ആവശ്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ മറ്റുള്ളവർക്ക് മനസ്സിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഏകദേശം അഞ്ച് ദിവസത്തേക്ക് മാത്രമായി ഒതുങ്ങിനിൽക്കുന്ന ഫിലിം ബസാറിനെ വർഷത്തിലെ 365 ദിവസവും ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നിർദേശം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ അറിയിച്ചു. അമ്പത്തിയേഴാം വയസ്സിലാണ് ജീവിതത്തിൽ ആദ്യമായി ഒരു ഔദ്യോഗിക ചുമതല ലഭിച്ചതെന്നും 58-ാം വയസ്സിലും 21-25 വയസ്സുകാരന് ജോലി കിട്ടുമ്പോഴുള്ള അതേ ആവേശത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലും രാഷ്ട്രീയത്തിലും പ്രവർത്തിച്ച് ജനങ്ങളുമായി ഇടപഴകി ശീലമുള്ളതിനാൽ തിരക്കുകൾ ഭാരമായി തോന്നുന്നില്ല.
കേന്ദ്ര സർക്കാരും ഗോവ സർക്കാരും എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും എൻ.എഫ്.ഡി.സിയും ചേർന്ന് വലിയ കടമ്പകൾ താണ്ടിയാണ് ഇത്തരം വേദികൾ ഒരുക്കുന്നത്. ഒറ്റയടിക്ക് എല്ലാം നേടാനായില്ലെന്ന് കരുതി നിരാശപ്പെടരുതെന്നും, 'വേഗത്തിൽ പോകണമെങ്കിൽ ഒറ്റയ്ക്ക് പോകാം, എന്നാൽ ദൂരം പോകണമെങ്കിൽ എല്ലാവരെയും ഉൾപ്പെടുത്തി ഒന്നിച്ച് പോകണം' എന്ന തത്വമാണ് താൻ മുറുകെ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റിദ്ധാരണകൾ ഒഴിവാക്കി ശരിയായ കാര്യങ്ങൾ പ്രചരിപ്പിക്കണമെന്നും കൃഷ്ണകുമാർ അഭ്യർഥിച്ചു.
Content Highlights: NFDC Chairman G. Krishnakumar responded to criticism that Malayalam was left out of the NFDC-Sony Pictures pact, stating that sidelining Malayalam would hurt NFDC and Sony themselves. He explained that the collaboration began around a Tamil channel discussion to turn stories and scripts into films or web series, with plans to expand to other languages and states over time. Krishnakumar urged young filmmakers and writers to pitch their ideas without hesitation and noted a proposal has been submitted to keep Film Bazaar online year-round instead of roughly five days. He added that he took his first official role at 57 and remains energized at 58 while stressing inclusive growth over going alone.