കേരളത്തിലെ ആദ്യ ഡോൾബി സിനിമ കൊച്ചിയിലെ ഇ.വി.എം. സിനിമാസിൽ

ഡോൾബി ലബോറട്ടറീസും ഇ.വി.എം. സിനിമാസും ചേർന്ന് കേരളത്തിലെ ആദ്യ ഡോൾബി സിനിമ ഫോർട്ട് കൊച്ചിയിലെ ഇ.വി.എം. സിനിമാസിൽ ഒക്ടോബർ 17-ന് ആരംഭിക്കും. ഇന്ത്യയിലെ അഞ്ചാമത്തെ ഡോൾബി സിനിമ തിയേറ്ററാണിത്. ഡോൾബിയുടെ അത്യാധുനിക ദൃശ്യ- ശ്രാവ്യ സാങ്കേതികവിദ്യകളാണ് തിയേറ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
450 സീറ്റുകളുള്ള ഡോൾബി സിനിമ സ്ക്രീൻ വൈകാതെ തുറക്കും. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യകളിൽ ഒരുക്കിയിരിക്കുന്ന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.
ഡോൾബി സിനിമയുടെ സവിശേഷ അനുഭവം മുൻനിർത്തിയാണ് ഇ.വി.എം. സിനിമാസിലെ ബിഗ്സ്ക്രീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈവിധ്യമാർന്ന നിറങ്ങളും ഡോൾബി അറ്റ്മോസിന്റെ ശബ്ദാനുഭവവും പ്രത്യേകം രൂപകൽപ്പന ചെയ്ത സിനിമാ അന്തരീക്ഷവും തിളക്കമേറിയ ദൃശ്യങ്ങളിലൂടെ ഡോൾബി വിഷൻ ചിത്രങ്ങളെ കൂടുതൽ ജീവനുള്ളതാക്കുന്നു.
ചുവരുകൾ മുതൽ സീലിങ് വരെ വ്യാപിച്ചുകിടക്കുന്ന സ്ക്രീൻ, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവ ഡോൾബി സിനിമ സ്ക്രീനിന്റെ പ്രത്യേകതയാണ്.
ആഗോളതലത്തിൽ 930-ലധികം സിനിമകൾ ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യകളിൽ റിലീസ് ചെയ്തിട്ടുണ്ട്. 2025-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 20 ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആർ.ആർ.ആർ, പുഷ്പ 2: ദ റൂൾ, ഗെയിം ചേഞ്ചർ, ബാഹുബലി എപ്പിക്, വാർ 2, കാന്താര, രാജാ സാബ്, ബോർഡർ 2, ടോക്സിക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കും ഡോൾബി സാങ്കേതികവിദ്യയുടെ മികവ് അനുഭവിക്കാനായിട്ടുണ്ട്.
'കേരളത്തിലേക്ക് ഡോൾബി സിനിമ എത്തിക്കുന്നത് ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ മുന്നേറ്റത്തിലെ നിർണായകമായ നാഴികക്കല്ലാണ്. ഇ.വി.എം. സിനിമാസുമായി കൈകോർക്കുന്നതിലൂടെ ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, ഡോൾബി സിനിമയുടെ സവിശേഷമായ അന്തരീക്ഷം എന്നിവ ഒരുമിപ്പിച്ച് കേരളത്തിലെ പ്രേക്ഷകർക്ക് വലിയ സ്ക്രീനിൽ ചെറിയ ബജറ്റിൽ സിനിമ ആസ്വദിക്കുന്നതിന് സമാനതകളില്ലാത്ത പുതിയ അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' ഡോൾബി ലബോറട്ടറീസ് മാനേജ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് മൈക്കൽ ആർച്ചർ പറഞ്ഞു.
'കേരളത്തിലെ ആദ്യ ഡോൾബി സിനിമ കൊച്ചിയിൽ എത്തിക്കാൻ കഴിയുന്നത് ഇ.വി.എം. സിനിമാസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. 2014-ൽ കേരളത്തിലെ ആദ്യ ഡോൾബി അറ്റ്മോസ് സ്ക്രീൻ അവതരിപ്പിച്ച ഞങ്ങളുടെ ദീർഘകാലത്തെ സാങ്കേതിക നവീകരണ യാത്രയുടെ തുടർച്ചയാണ് ഈ പുതിയ സംരംഭം.' ഇ.വി.എം. സിനിമാസ് മാനേജിങ് ഡയറക്ടർ ജോസ് മാത്യു കൂട്ടിച്ചേർത്തു.
ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭ്യമാകും. വരുംദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഷോകളും ഉണ്ടായിരിക്കും.
Content Highlights: Dolby Laboratories and EVM Cinemas launch Kerala's first Dolby Cinema at EVM Cinemas in Fort Kochi on October 17. This marks India's fifth Dolby Cinema theatre, featuring a 450-seat capacity screen equipped with Dolby Vision and Dolby Atmos technology. The theatre is specifically engineered with an edge-to-edge screen layout, precision audio setup, and premium seating arrangements. Michael Archer of Dolby Laboratories and Jose Mathew of EVM Cinemas highlighted this as a major technological milestone for moviegoers in Kerala. Tickets for upcoming shows and special screenings will be accessible via BookMyShow.