റെസ്ക്യൂ-41, മിഷൻ 41; ഉത്തരകാശി രക്ഷാദൗത്യം സിനിമയാക്കാൻ തിരക്കുകൂട്ടി സംവിധായകർ

ടണൽ ദുരന്തം നടന്ന സിൽക്യാരയുടെ വിദൂരദൃശ്യം | ഫോട്ടോ: പി.ടി.ഐ
ടണൽ ദുരന്തം നടന്ന സിൽക്യാരയുടെ വിദൂരദൃശ്യം | ഫോട്ടോ: പി.ടി.ഐ

17 ദിവസം രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ സംഭവമായിരുന്നു ഉത്തരാഖണ്ഡിലെ സിൽക്യാരയിലുണ്ടായ ടണൽ ദുരന്തം. നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് 41 തൊഴിലാളികളാണ് ഇതിനുള്ളിൽ അകപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് രക്ഷാപ്രവർത്തനം വിജയംകണ്ട് തുരങ്കത്തിനുള്ളിൽക്കുടുങ്ങിയ മുഴുവൻപേരും പുറത്തെത്തിയത്. 408 മണിക്കൂർ രാജ്യത്തെയൊന്നടങ്കം മുൾമുനയിൽ നിർത്തിയ ഈ സംഭവത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കാൻ വിവിധ ചലച്ചിത്രകാരന്മാർ രം​ഗത്തെത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സിൽക്യാര രക്ഷാപ്രവർത്തനത്തെ മുൻനിർത്തിയെടുക്കാൻ ഉദ്ദേശിക്കുന്ന സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാനാണ് സംവിധായകരടക്കമുള്ളവർ തിരക്കുകൂട്ടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഐ.എം.പി.പി.എ), പ്രൊഡ്യൂസേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നിവയിലേക്ക് നിരവധി അപേക്ഷകളാണ് പേര് രജിസ്റ്റർ ചെയ്യാനെത്തിയിരിക്കുന്നത്. ഐ.എം.പി.പി.എയിലേക്ക് ഇതിനകം നിരവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചെയർമാനും നടനുമായ അനിൽ നാ​ഗ്രത് പറഞ്ഞു.

“റെസ്ക്യൂ, റെസ്ക്യൂ-41, മിഷൻ 41-ദ ​ഗ്രേറ്റ് റെസ്ക്യൂ എന്നിവയാണ് രജിസ്റ്റർ ചെയ്യപ്പെട്ട ചില പേരുകൾ. കഴിഞ്ഞ ദിവസം മാത്രമാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തിയ സംഭവം സന്തോഷത്തിന്റെ നിമിഷങ്ങളിലേക്ക് വഴിമാറിയത്. അതുകൊണ്ട് ഇതിനെ സിനിമയാക്കാനായി ടൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിരവധിപേർ മുന്നോട്ടുവരുന്നുണ്ട്.  ഈ അപേക്ഷകൾ പരിശോധിച്ചുവരികയാണ്. ആദ്യം വന്നത് ആദ്യം എന്നമുറയ്ക്ക് അനുമതി നൽകും.” അനിൽ നാ​ഗ്രത് ചൂണ്ടിക്കാട്ടി.

വാർത്താ പ്രാധാന്യം സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങളൊരുക്കാനും പേര് രജിസ്റ്റർ ചെയ്യാനും ചലച്ചിത്രകാരന്മാർ തിക്കിത്തിരക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ചന്ദ്രയാൻ 3 പരീക്ഷണവുമായി ബന്ധപ്പെട്ടുള്ള സിനിമ ചെയ്യാനാണ് ഇതിനുമുമ്പ് സിനിമാക്കാർ എത്തിയത്. അതേസമയം പേര് രജിസ്റ്റർ ചെയ്യുന്നതിലല്ല, സിനിമയുണ്ടാക്കാനാണ് ബുദ്ധിമുട്ടെന്ന് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ ചെയർമാൻ ജംനാദാസ് മജേതിയ പ്രതികരിച്ചു. ഒരേ വിഷയത്തിൽ സിനിമ ചെയ്യരുതെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കാനാണ് പല സിനിമാക്കാരും ടൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ എടുക്കുമ്പോൾ നിരവധി അനുമതികൾവേണം. അതിനാൽ എത്ര സിനിമകൾ നിർമ്മിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: filmmakers rush to register ritles on uttarakhand tunnel rescue, silkyara tunnel mishap