സർക്കാർ തിയേറ്ററുകൾക്ക് ജനുവരി മുതൽ സിനിമ നൽകില്ല; നിസ്സഹകരണത്തിന് ഫിലിം ചേംബർ

#മാതൃഭൂമി ന്യൂസ്
കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ തിയേറ്റര്‍ സമുച്ചയം, ഫിലിം ചേംബര്‍ ആസ്ഥാനം | Photo: ANI, Mathrubhumi
കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ തിയേറ്റര്‍ സമുച്ചയം, ഫിലിം ചേംബര്‍ ആസ്ഥാനം | Photo: ANI, Mathrubhumi

കൊച്ചി: സർക്കാരുമായി നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സർക്കാർ തിയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകേണ്ടെന്നാണ് തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ പൂർണ്ണമായും ബഹിഷ്‌കരിക്കാനാണ് തീരുമാനം. ജനുവരി മുതൽ സർക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ചേംബർ അറിയിച്ചു.

സിനിമ വ്യവസായത്തിൽനിന്ന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിച്ചിട്ടും സർക്കാരിൽനിന്ന് മേഖലയ്ക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടാവില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ തീരുമാനം. പ്രസിഡന്റ് അനിൽ തോമസാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

പത്തുവർഷമായി സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഇതുവരെ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബർ ആരോപിക്കുന്നു. സർക്കാർ തിയേറ്ററുകളുടെ ബഹിഷ്‌കരണം സൂചനാ സമരം മാത്രമാണ്. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഫിലിം ചേംബർ അറിയിച്ചു. ജിഎസ്ടിക്ക് പുറമേയുള്ള വിനോദനികുതി എടുത്തുകളയണം, വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കണം തുടങ്ങിയവയാണ് ചേംബറിന്റെ പ്രധാന ആവശ്യങ്ങൾ.

Content Highlights: Kerala Film Chamber to boycott government theatres from January, citing lack of support. Major demands include removal of entertainment tax & special electricity tariffs