കിടക്കയിൽ മൂത്രമൊഴിച്ച മകനെ ശകാരിക്കുന്നതിനിടെ ഇത്താത്ത പറഞ്ഞ വാക്കുകൾ; ഫെമിനിച്ചി ഫാത്തിമ പിറന്നതിങ്ങനെ

#കബീർ ചാവശ്ശേരി
ചലച്ചിത്ര പുരസ്കാര സന്തോഷം കുടുംബാം​ഗങ്ങളുമായി പങ്കിടുന്ന ഫാസിൽ മുഹമ്മദ്
ചലച്ചിത്ര പുരസ്കാര സന്തോഷം കുടുംബാം​ഗങ്ങളുമായി പങ്കിടുന്ന ഫാസിൽ മുഹമ്മദ്

മലപ്പുറം : സിനിമയിൽ ഗോഡ്ഫാദറോ കുടുംബപാരമ്പര്യമോ ഇല്ല. ഖബറെന്ന ഷോട്ട്ഫിലിമിന്റെയും ട്യൂഷൻ വീടെന്ന വെബ് സീരീസിന്റെയും സംവിധാനം. സുന്ദരി ഗാർഡൻ, 1001 നുണകൾ എന്നീ സിനിമകളിൽ സ്‌പോട്ട് എഡിറ്ററായതിന്റെ പരിചയം. സിനിമയെടുക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഇത് മാത്രമായിരുന്നു പൊന്നാനിക്കാരൻ ഫാസിൽ മുഹമ്മദിന്റെ കൈമുതൽ. പരിമിതമായ അറിവും ഭൗതികസൗകര്യങ്ങളുംകൊണ്ട് നിർമിച്ച ആദ്യസിനിമ ഫെമിനിച്ചി ഫാത്തിമയിലൂടെ നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരമാണ് ഫാസിൽ മുഹമ്മദിനെ തേടിയെത്തിയത്. മികച്ച നടി, മികച്ച രണ്ടാമത്തെ സിനിമ എന്നീ പുരസ്‌കാരങ്ങളും ഫെമിനിച്ചി ഫാത്തിമയ്ക്കാണെന്നതു സന്തോഷം ഇരട്ടിപ്പിച്ചു.

കഴിഞ്ഞ ഡിസംബറിൽ ഐഎഫ്എഫ്‌കെയിൽ അഞ്ച് പുരസ്‌കാരങ്ങൾ നേടിയതോടെയാണ് ഫെമിനിച്ചി ഫാത്തിമ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച പ്രേക്ഷക ചിത്രം, അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം, മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച തിരക്കഥ, കെ.ആർ. മോഹനൻ പുരസ്‌കാരം എന്നിവയാണ് അന്നു സ്വന്തമാക്കിയത്. ഒക്ടോബർ പത്തിന് തിയേറ്ററുകളിലെത്തിയ സിനിമ മികച്ച പ്രേക്ഷകാഭിപ്രായവും നേടി.

നടി ഷംല ഹംസ, ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: ​Instagram

ഇത്താത്തയുടെ ശകാരത്തിൽ പിറന്ന ‘ഫാത്തിമ’

'മൂത്രം തട്ടിക്കാണ്ട് കൊണ്ട് നടന്നതാ കിടക്ക, ഇനിയീ മണം പോകുകേമില്ല' കിടക്കയിൽ മൂത്രമൊഴിച്ച മകനെ ശകാരിക്കുന്നതിനിടെ ഇത്താത്ത ഫസീദ പറഞ്ഞതായിരുന്നു ഈ വാക്കുകൾ. ഇത് കേട്ടപ്പോൾ സിനിമയ്ക്കായി കഥ ആലോചിച്ച് നടക്കുന്ന ഫാസിലിന്റെ ഉള്ളിൽ ഒരു സ്പാർക്കുണ്ടായി. അതിൽ തുടക്കമിട്ട ആലോചനയാണ് ഫെമിനിച്ചി ഫാത്തിമയുടെ പിറവിക്ക് വഴിയൊരുക്കിയത്. പൊന്നാനി തീരദേശത്തെ വീട്ടമ്മ സ്വന്തം അവകാശങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകൾ സിനിമയുടെ ഇതിവൃത്തമായി. ഫാത്തിമയും ഭർത്താവായ മദ്രസാധ്യാപകൻ അഷ്‌റഫും മക്കളുമടങ്ങുന്ന കുടുംബത്തിലൂടെ കഥ പറഞ്ഞു. യാഥാസ്ഥിതിക കുടുംബഘടനയിൽ ലിംഗസമത്വത്തിന്റെ പുതുവെളിച്ചം വീശുന്ന സിനിമ പൊന്നാനിയിലും പരിസരത്തുമായാണ് ചിത്രീകരിച്ചത്. അഭിനയിച്ചവരിൽ പ്രധാന കഥാപാത്രങ്ങളൊഴികെയുള്ളവർ പൊന്നാനിക്കാരാണ്. കഥയാലോചന തുടങ്ങി മൂന്നു മാസം കൊണ്ടാണ് എഴുത്തും ഷൂട്ടിങ്ങും എഡിറ്റിങ്ങും പൂർത്തിയാക്കിയത്. പുതിയ സിനിമയുടെ എഴുത്തു പൂർത്തിയായി. താരനിർണയം നടക്കുകയാണ്.

അവാർ‍ഡ് ഫാത്തിമമാർക്ക് സമർപ്പിക്കുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്കാരനേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമ ചിത്രീകരിച്ച പൊന്നാനി തീരപ്രദേശത്തെ വീടുകളിൽ ഒരുപാട് ഫാത്തിമമാരുണ്ട്. അവാർഡുകൾ അവർക്കും സിനിമയുടെ ഭാഗമായ ഓരോരുത്തർക്കും സമർപ്പിക്കുന്നു. ആദ്യസിനിമയ്ക്കുതന്നെ കിട്ടിയ പുരസ്കാരം ഉത്തരവാദിത്വം കൂട്ടുന്നു. പ്രതിസന്ധികളിൽ തളരാതെ സിനിമ സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി മാറട്ടെ.

Content Highlights: Fazil Muhammed's "Feminichi Fathima" Captures State Awards and Audience Hearts