ഷൂട്ടിങ്ങിനിടെ ആമിറിനെ അക്ഷയ് ഖന്ന 17 തവണ തല്ലി, അദ്ദേഹത്തിന്റെ മുഖം നീരുവന്ന് വീർത്തു -ഫർഹാൻ അക്തർ

ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ 'ദിൽ ചാഹ്താ ഹേ' അതിന്റെ റിലീസിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച ഒരു കൂടിക്കാഴ്ചയിൽ, സിനിമയുടെ ചിത്രീകരണ സമയത്തെ രസകരവും അപ്രതീക്ഷിതവുമായ പല ഓർമകളും പങ്കുവെക്കുകയുണ്ടായി. അതിൽ ഏറ്റവും ശ്രദ്ധേയമായ വെളിപ്പെടുത്തൽ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച അക്ഷയ് ഖന്ന, അമീർ ഖാനെ ഒരു പ്രധാന രംഗത്തിന് വേണ്ടി 17 തവണ തല്ലി എന്നതായിരുന്നു.
'യുവ'യോട് സംസാരിക്കവെയാണ് ചിത്രത്തിന്റെ സംവിധായകനായ ഫർഹാൻ അക്തറും അമീർ ഖാനും ചേർന്നാണ് ഈ രസകരമായ സന്ദർഭത്തെക്കുറിച്ച് സംസാരിച്ചത്. അക്ഷയ് ഖന്ന യഥാർത്ഥത്തിൽ തല്ലാൻ പോകുകയാണെന്ന് ഫർഹാൻ നേരത്തെ ആമിറിനോട് പറഞ്ഞിരുന്നു. ആമിർ അതിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അക്ഷയിനോട്, അമീർ തന്റെ ഡയലോഗ് പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അടിക്കാൻ ഫർഹാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ അപ്രതീക്ഷിത നീക്കം കഥാപാത്രത്തിന്റെ ശരിയായ മാനസികാവസ്ഥയിലേക്ക് കടന്നുചെല്ലാൻ വേണ്ടിയായിരുന്നു. അതു മനസിലാക്കിയ ആമിർ ആ രംഗം കൂടുതൽ മികച്ചതാക്കാൻ വേണ്ടി വീണ്ടും വീണ്ടും തല്ലാൻ ആവശ്യപ്പെടുകയായിരുന്നു.
"ഇത് ചലച്ചിത്രനിർമ്മാണമാണ്, ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്. അങ്ങനെ അത് സംഭവിച്ചു. അത് നടക്കട്ടെ, കാരണം അത് കഥാപാത്രത്തിലേക്കിറങ്ങിച്ചെല്ലാൻ തന്നെ സഹായിക്കുന്ന ഒരു മാനസികാവസ്ഥ നൽകുന്നുണ്ട് എന്നാണ് ആമിർ പ്രതികരിച്ചത്. വീണ്ടും അടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കിയപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖത്ത് അടിയുടെ പാട് വ്യക്തമായി കാണാമായിരുന്നു. ഒരു വശം നീരുവന്ന് വീർത്തിരുന്നു." ഫർഹാൻ അക്തറിന്റെ വാക്കുകൾ.
ഈ കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തപ്പെട്ട മറ്റൊരു രസകരമായ അടികൂടൽ രംഗം സുചിത്ര പിള്ളയും സെയ്ഫ് അലി ഖാനും തമ്മിലുള്ളതായിരുന്നു. ചിത്രത്തിൽ സെയ്ഫിന്റെ കാമുകിയായാണ് സുചിത്ര അഭിനയിച്ചത്. താൻ ഇന്നും "ദിൽ ചാഹ്താ ഹേ സ്ലാപ്പ് ഗേൾ" എന്നാണ് അറിയപ്പെടുന്നതെന്ന് അവർ പറഞ്ഞു. സെയ്ഫിനെ എങ്ങനെ തല്ലണമെന്ന് ചോദിച്ചപ്പോൾ, യഥാർഥത്തിൽ തന്നെ തല്ലാൻ ഫർഹാൻ നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് തനിക്ക് സെയ്ഫിനെ മൂന്ന് തവണ തല്ലേണ്ടിവന്നുവെന്നും സുചിത്ര ഓർത്തെടുത്തു. ഈ സംഭവത്തെക്കുറിച്ച് സുചിത്ര പിന്നീട് സെയ്ഫിന്റെ അമ്മയും പ്രശസ്ത നടിയുമായ ഷർമ്മിള ടാഗോറിനോട് പറഞ്ഞപ്പോൾ, "അത് നല്ല കടുപ്പത്തിലുള്ള ഒരു അടി തന്നെയായിരുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്നായിരുന്നു ഷർമ്മിളയുടെ കുസൃതിനിറഞ്ഞ മറുപടി.
ഫർഹാൻ അക്തറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന 'ദിൽ ചാഹ്താ ഹേ'. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ഈ കഥ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ സജീവമായി നിലനിൽക്കുന്നു. പ്രീതി സിന്റ, അയൂബ് ഖാൻ, രജത് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.
ആമിർ തന്റെ അഭിനയജീവിതവും പ്രൊഡക്ഷൻ കമ്പനിയും ഒരുപോലെ കൊണ്ടുപോവുകയാണ്. അദ്ദേഹത്തിന്റെ ബാനറായ ആമിർ ഖാൻ പ്രൊഡക്ഷൻസ് അടുത്തിടെ സണ്ണി ഡിയോൾ, പ്രീതി സിന്റ, ശബാന ആസ്മി, കരൺ ഡിയോൾ, അലി ഫസൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ബത്വാറ 1947' നിർമിച്ചിരുന്നു. മറുവശത്ത്, പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹൈവാൻ' എന്ന ചിത്രത്തിലാണ് സെയ്ഫ് അടുത്തതായി അഭിനയിക്കുന്നത്. അക്ഷയ് കുമാർ, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ, ബോമൻ ഇറാനി, അസ്രാണി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളിൽ.
Content Highlights: During a 25th-anniversary reunion of Dil Chahta Hai, Aamir Khan and Farhan Akhtar revealed that Akshaye Khanna slapped Aamir 17 times to achieve authentic performance energy for a pivotal scene, leaving his face visibly swollen.