പ്രശസ്തി കാരണം പാനിക് അറ്റാക്ക് വന്നു, ഹോളിവുഡിൽ ഇപ്പോഴും ലിംഗപരമായ അസമത്വമുണ്ട് -എമിലിയ ക്ലാർക്ക്

ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിലൂടെ ലോകപ്രശസ്തയായ നടിയാണ് എമിലിയ ക്ലാർക്ക്. ഹോളിവുഡിൽ നിലനിൽക്കുന്ന ലിംഗപരമായ അസമത്വങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഗെയിം ഓഫ് ത്രോൺസ് ചെയ്തതിനുശേഷം ആഗോള ശ്രദ്ധ ലഭിച്ചെന്നും പ്രശസ്തി കാരണം പാനിക് അറ്റാക്ക് ഉണ്ടായെന്നും എമിലിയ പറഞ്ഞു. ഹേലി ലൂ റിച്ചാർഡ്‌സണൊപ്പം പ്രധാന വേഷത്തിലെത്തുന്ന പോണീസ് എന്ന പുതിയ പരമ്പരയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവർ. ഗെയിം ഓഫ് ത്രോൺസിലെ ഡേനെറിസ് ടാർഗേറിയൻ എന്ന വേഷം അവതരിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് എമിലിയ.
ലിംഗപരമായ അസമത്വം ഒരു തരത്തിലും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് എമിലിയ ക്ലാർക്ക് പറഞ്ഞു. ഇപ്പോഴും വേതനത്തിൽ വലിയ വ്യത്യാസമുണ്ട്. പക്ഷേ തീർച്ചയായും ഇത് മെച്ചപ്പെട്ടുവരികയാണ്. പാശ്ചാത്യ സമൂഹത്തിൽ നമ്മൾ ഇപ്പോൾ അംഗീകരിക്കുന്നത് സ്ത്രീകൾ ചെയ്യുന്ന വൈകാരികമായ ജോലികളുടെ അളവാണ്. ഇന്ന് സ്ത്രീകൾ ജോലിക്കുപോകുന്നതും പുരുഷന്മാർ വീട്ടുജോലികൾ നോക്കുന്നത് കാണുന്നതും ഇത്തരം മാറ്റങ്ങളുടെ തെളിവാണ്. ഈ കാര്യങ്ങളെല്ലാം അംഗീകരിക്കുന്നുണ്ട്. സ്ഥിതിഗതികൾ തീർച്ചയായും മാറുന്നുണ്ട്. എന്നാൽ പല തലങ്ങളിലും ഇത് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതായി കാണാമെന്നും എമിലിയ പറഞ്ഞു.
"ഒരു നിശ്ചിത കാലയളവിലാണ് ഞാൻ ഗെയിം ഓഫ് ത്രോൺസിലൂടെ വന്ന പ്രശസ്തി അനുഭവിച്ചത്. സീരീസിലെ വിഗ് ധരിച്ച എൻ്റെ കഥാപാത്രത്തിന്റെ രൂപം യഥാർത്ഥ ജീവിതത്തിലെ എൻ്റെ രൂപത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. എൻ്റെ ഷോ ഫാൻ്റസിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഷോയുടെ അവസാന സീസണുകളിൽ, എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായിരുന്നു.
എനിക്ക് ആളുകളെ ഇഷ്ടമാണ്, എനിക്ക് അവരോട് സംസാരിക്കാനും ഇടപഴകാനും നല്ല സമയം ചെലവഴിക്കാനും ആഗ്രഹമുണ്ട്. പക്ഷേ ചിലപ്പോൾ പ്രശസ്തി അതിനിടയിൽ വരുന്നു. പിന്നെ കുറച്ച് വർഷങ്ങൾ ഗെയിം ഓഫ് ത്രോൺസ് ചെയ്യാതെയിരിക്കുമ്പോൾ, നിങ്ങൾക്ക് ആളുകൾക്കിടയിൽ അത്ര അറിയപ്പെടാതെയാകുന്നു. അതിനാൽ, ഇതൊരു അസ്ഥിരമായ കാര്യമാണ്. പ്രശസ്തി ഉണ്ടാകും, പിന്നെ അപ്രത്യക്ഷമാകും. രാവിലെ ഉണരാൻ കാരണം പ്രശസ്തിയായിരിക്കരുത് എന്ന് നിങ്ങൾ ഉറപ്പാക്കണം," എമിലിയ കൂട്ടിച്ചേർത്തു.
Content Highlights: Emilia Clarke discusses her new series `Ponies`, female co-stars, and the ongoing fight for gender equality in Hollywood.